Wed. Jan 22nd, 2025

എരുമപ്പെട്ടി ∙

പഞ്ചായത്തിൽ വയോജനങ്ങ‍ളുടെ മാനസികോല്ലാസത്തിനും ഒത്തുചേരലുകൾക്കുമായി ആവിഷ്കരിച്ച് നടപ്പാക്കിയ മങ്ങാട് മിനി സ്റ്റേഡിയത്തിനരികിലെ വയോജന പാർക്കും ചിറ്റണ്ടയിലെ മിനി വയോജന പാർക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഒന്നര വർഷം മുൻപായിരുന്നു ഇരു പാർക്കുകളുടെയും ഉദ്ഘാടനം.

15 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച വയോജന പാർക്കുകൾ കാടുപിടിച്ചും വള്ളിച്ചെടികൾ പടർന്നു കയറിയും നശിച്ച നിലയിലാണ്. വയോജനങ്ങൾക്ക് വിശ്രമിക്കാനായി നിർമിച്ചിരുന്ന മേൽക്കൂരകളോടു കൂടിയ ഇരിപ്പിടങ്ങൾ തകർന്നു തുടങ്ങി. പാർക്കുകളിലുള്ള കിണറുകളിൽ വലിയ പാഴ്മരങ്ങൾ വളർന്നു നിൽക്കുന്നു.

ഇതിനുള്ളിലെ നടപ്പാതകളും തകർന്നു തുടങ്ങി. രാത്രികാലങ്ങളിൽ പാർക്കുകൾക്കുള്ളിൽ‍ സാമൂഹിക വിരുദ്ധർ മദ്യപാനത്തായി ഒത്തുചേരുന്നതായും പരാതിയുണ്ട്. തെരുവുനായ്ക്കളും ഇതിനുള്ളിൽ താവളമാക്കിയിട്ടണ്ട്.

ഉദ്ഘാടനം കഴിഞ്ഞെങ്കിലും കോവിഡ് വ്യാപനത്തിന്റെ പേരിൽ പാർക്കുകൾ ഒരു ദിവസം പോലും വയോജനങ്ങൾക്ക് തുറന്നു കൊടുത്തില്ല. പാർക്കുകൾക്കുള്ളിൽ പൂന്തോട്ടങ്ങളും ലൈറ്റ് അലങ്കാരങ്ങളും ഒരുക്കാൻ പദ്ധതിയുണ്ടായിരുന്നവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വീടുകളിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് ആശ്വാസം പകരുന്ന ഈ കേന്ദ്രങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ അവഗണന മൂലം നശിക്കുകയാണ്.