Mon. Dec 23rd, 2024
കോഴിക്കോട്:

കോഴിക്കോട് മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന. കടകളിൽ തുടരെയുള്ള തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന സേനയുടെ നടപടി. ഫയർ ഓഡിറ്റിന് ശേഷം അഗ്നിശമന സേനാ ജില്ലാ കളക്ടർക്ക് നിർദേശം നൽകും.

കോഴിക്കോട് മിഠായി തെരുവിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സിനോട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിരുന്നു. ഇടയ്ക്കിടെ തീ പിടിത്തമുണ്ടാകുന്നത് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.പാളയം ഭാഗത്തുള്ള വി കെ എം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ ആര്‍ ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിൽ അടുത്തിടെ തീപിടിച്ചിരുന്നു.

മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.തീപിടുത്തത്തില്‍ വീഴ്ചകള്‍ ഫയര്‍ഫോഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്.

നിലവിലെ കെട്ടിട നിര്‍മാണത്തിന്റെ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ ഇരുവശവും സ്റ്റെയര്‍കേസുകള്‍ വേണം. ഇത് ലംഘിക്കപ്പെട്ടതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നുംഫയർ ഫോഴ്സ് കഴിഞ്ഞ ദിവസം നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു