Mon. Dec 23rd, 2024

പാലക്കാട്: 

പശ്ചിമ ബംഗാളിൽനിന്ന് സ്വകാര്യ ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് കടത്തിയ 150 കിലോ  കഞ്ചാവ്   എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കഞ്ചാവ് കൈപ്പറ്റാൻ എത്തിയവരും ബസ്  ഡ്രൈവറുമുൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ, ഡ്രൈവർ സഞ്ജയ് എന്നിവരാണ് പിടിയിലായത്‌.

2 കാറും ബസും  കസ്റ്റഡിയിലെടുത്തു.
ബംഗാളിൽനിന്ന് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ മറവിലായിരുന്നു കഞ്ചാവ് കടത്ത്. സേലം-കന്യാകുമാരി ദേശീയപാതയില്‍  കണ്ണാടിക്ക് സമീപത്തുനിന്നാണ്‌   കഞ്ചാവ് പിടികൂടിയത്. 70 പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

എറണാകുളത്ത് നിന്ന് രണ്ട് കാറുകളിലെത്തി കഞ്ചാവ് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാലു പേര്‍  പിടിയിലായത്.  കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടതായി എക്‌സൈസ് സംശയിക്കുന്നു. കൊൽക്കത്തയിൽനിന്ന് വന്ന ബസില്‍ അമ്പതോളം അതിഥി തൊഴിലാളികളും  ഉണ്ടായിരുന്നു. പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ സർക്കിൾ ഇൻസ്‌പെക്ടർ ടി അനിൽകുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, ആർ ജി രാജേഷ്, ടി ആർ മുകേഷ്കുമാർ, എസ് മധുസൂദനൻ നായർ, സി സെന്തിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മുസ്‌തഫ, രാജ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, പി സുബിൻ, എസ് ഷംനാദ്, ആർ രാജേഷ്, മുഹമ്മദ്‌അലി, അനീഷ്, എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.