Mon. Dec 23rd, 2024
കോഴിക്കോട്:

നഷ്ടത്തിലായ കൊച്ചി മെട്രോ വികസനത്തിന് ഇനി ഫണ്ടില്ലെന്ന് കേന്ദ്രം തീരുമാനിച്ചതോട ആശങ്കയിലാവുന്നത് കോഴിക്കോടിന്റെ ലൈറ്റ് മെട്രോ സ്വപ്നം. ഫെബ്രുവരിയിൽ കേന്ദ്രത്തിനു വിശദ പദ്ധതി രേഖ സമർപ്പിച്ചതാണെങ്കിലും ഇതുവരെ തീരുമാനമായില്ല. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾക്ക് പദ്ധതി സമർപ്പിക്കാൻ കേന്ദ്രം ഒരുമിച്ചാണ് ആവശ്യപ്പെട്ടത്.

കോഴിക്കോട് ലൈറ്റ് മെട്രോയുടെ പദ്ധതി രൂപരേഖ 2018ൽ സംസ്ഥാന സർക്കാരിനു നൽകിയെങ്കിലും 2021 ഫെബ്രുവരിയിലാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. തുടർന്ന് ഫെബ്രുവരിയിൽതന്നെ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ പദ്ധതിരേഖ കേന്ദ്രത്തിനു സമർപ്പിച്ചു. എന്നാൽ, ഒരു മാസത്തിനുശേഷം പദ്ധതിരേഖയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ കേന്ദ്രം ഉന്നയിച്ചു.

ഏപ്രിലിൽ ഈ സംശയങ്ങളിൽ വ്യക്തത വരുത്തി മറുപടി നൽകി. എന്നാൽ 5 മാസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. കൊവിഡ്കാലത്ത് കൊച്ചി മെട്രോയുടെ നഷ്ടം 500 കോടിയിലേക്ക് കൂപ്പുകുത്തിയിരുന്നു.

പൊതുഖജനാവിനു നഷ്ടം വരുത്തുന്ന മെട്രോ പദ്ധതികൾ ഇനിയുണ്ടാവില്ലെന്ന സൂചന കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നൽകിയിരുന്നു. 10 ലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങൾക്കു മാത്രം മെട്രോ റെയിൽ അനുവദിച്ചാൽ മതിയെന്നാണ് കേന്ദ്രതീരുമാനം. നിലവിൽ മെട്രോ ട്രെയിൻ ഓടുന്ന കൊച്ചി നഗരത്തിൽപോലും 10 ലക്ഷത്തിൽതാഴെയാണ് ജനസംഖ്യ.

കോഴിക്കോട്ടും സമാനമായ സ്ഥിതിയായതിനാൽ ഉടനൊന്നും ലൈറ്റ് മെട്രോയ്ക്ക് അനുമതി കിട്ടുമെന്ന് അധികൃതർ കരുതുന്നുമില്ല.കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് 2773 കോടി രൂപയാണു ചെലവു കണക്കാക്കിയിരുന്നത്. ഇതിനു കേന്ദ്ര സർക്കാരിന്റെ ഫണ്ട് കൂടി ആവശ്യമുണ്ട്.

നിർമാണം തുടങ്ങി 4 വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നത്. മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ മധ്യത്തിൽ സ്ഥാപിക്കുന്ന ഒറ്റത്തൂണുകളിലൂടെ കടന്നുപോവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. പയ്യാനക്കലിൽ പണ്ടു റെയിൽവേ ഗേറ്റുണ്ടായിരുന്ന ഭാഗത്ത് 40 കോടി രൂപ മുടക്കി റെയിൽവേ ഓവർബ്രിജ് നിർമിച്ചതു മാത്രമാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നടന്ന പ്രവൃത്തി.