കോഴിക്കോട്:
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ പേരിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വീസ് തടഞ്ഞത്. അപകടത്തിന്‍റെ പ്രധാന കാരണം പൈലറ്റിന്‍റെ പിഴവാണെന്ന റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് വലിയ വിമാനങ്ങളിറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യമുയരുന്നത്.
കരിപ്പൂര്‍ വിമാനപകടത്തെക്കുറിച്ച് അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ വൈമാനിക പിഴവാണ് അപകടത്തിന്‍റെ പ്രധാന കാരണമെന്നാണ് പറയുന്നത്. ഈ അപകടത്തിനു പിന്നാലെയായിരുന്നു വലിയ വിമാനങ്ങളുടെ സര്‍വീസ് കേന്ദ്രം തടഞ്ഞതും. മഴക്കാലം കഴിഞ്ഞ ശേഷം വിലക്ക് നീക്കുമെന്നായിരുന്നു ഡിജിസിഎ അന്ന് പറഞ്ഞിരുന്നത്. പക്ഷേ അത് നടപ്പായില്ല.
ടേബിള്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരില്‍ അത്യാധുനിക എഡിബിഎസ് റഡാര്‍ സംവിധാനമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പതിനൊന്നായിരം അടി വരെ ഉയരത്തില്‍ നിന്ന് പൈലറ്റിന് റണ്‍വേ കൃത്യമായി കാണാവുന്ന വിധത്തിലാണ് അപ്രോച്ച് ലൈറ്റുകളുള്ളത്. സൌകര്യങ്ങള്‍ ഏറെയുണ്ടായിട്ടും അപകടത്തിന്‍റെ പേരില്‍ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ അനുമതി നിഷേധിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
വലിയ വിമാനങ്ങളിറങ്ങാന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ കരിപ്പൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാകൂ. കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുള്‍പ്പെടെയുള്ളവര്‍.