Mon. Dec 23rd, 2024
രാജപുരം:

1960ലെ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം പട്ടയം ലഭിച്ച ഭൂമിക്ക് പൊസിഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുമ്പോൾ ഭൂമി ഏത് ആവശ്യത്തിന് നൽകി എന്നത് രേഖപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി ഭൂവുടമകളെ പ്രതിസന്ധിയിലാക്കി. ഇതോടെ ഇത്തരം ഭൂവുടമകൾക്ക് വീട് വയ്ക്കുന്നതിനോ, മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കാത്ത സ്ഥിതിയായി.

ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൃഷി ആവശ്യത്തിനായി അനുവദിച്ച ഭൂമിയിൽ ആദ്യ കാലത്ത് വീട്, മറ്റു കെട്ടിടങ്ങൾ എന്നിവ നിർമിച്ചിരുന്നു. എന്നാൽ 2020ലെ സുപ്രീം കോ‌ടതി വിധിപ്രകാരം പ്രത്യേക ആവശ്യത്തിനായി നൽകിയ ഭൂമിക്ക് വില്ലേജിൽ നിന്ന് പൊസിഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഭൂമി നൽകിയത് പ്രത്യേക ആവശ്യത്തിനാണോ, അല്ലയോ എന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെ‌ടുത്തമെന്നാണ് ചട്ടം.ഇതു പ്രകാരം ഇത്തരം ഭൂമിയിൽ കൃഷി മാത്രമേ നടത്താൻ സാധിക്കു.

ഉത്തരവ് വന്നതോടെ പനത്തടി വില്ലേജ് പരിധിയിൽ വ്യാവസായിക ആവശ്യങ്ങൾക്കായി നിർമിച്ച ഒട്ടേറെ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാത്ത സ്ഥിതിയുണ്ട്. സർട്ടിഫിക്കറ്റ് അനുവദിക്കുമ്പോൾ ഭൂമി പതിച്ച് നൽകിയ വിഷയം പൊസിഷനിൽ രേഖപ്പെടുത്തണമെന്ന് കാണിച്ചു വന്ന ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ പൊതുജനങ്ങൾക്ക് പ്രയാസം നേരിടുമെന്ന് കാണിച്ച് 2020ൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയായിരുന്നു.

അസൈൻമെന്റ് ആക്‌ട് പ്രകാരം പട്ടയം ലഭിച്ച പനത്തടി പഞ്ചായത്തിലെ പനത്തടി വില്ലേജിൽ മാത്രം 313/6, 351, 313/1, 313/2,313/3, 313/4 സർവേ നമ്പറുകളിൽ 2500 ഓളം ഏക്കർ ഭൂമി ഇത്തരത്തിൽ ഉള്ളവയാണ്. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. ഒരേക്കർ ഭൂമി ലഭിച്ച ആൾക്ക് വീട് വച്ച് താമസിക്കുന്നതിന് സാധിക്കുമെങ്കിലും സ്ഥലം മുറിച്ച് വാങ്ങിയവർക്കു വീട് വയ്ക്കാൻ കഴിയാത്ത വലിയ പ്രശ്നവും നില നിൽക്കുന്നു.

പ്രശ്ന പരിഹാരമായി ഭൂമിയുടെ തരംതിരിവ് ഒഴിവാക്കി നൽകണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.ഇതിന് നിയമനിർമാണം വേണ്ടിവരുമെന്നും വില്ലേജ് അധികൃതർ പറയുന്നു. സർക്കാർ അടിയന്തിര നിയമനിർമാണം നടത്തി ഭൂമിയുടെ തരംതിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗവർണർ, മുഖ്യമന്ത്രി, റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.