Mon. Dec 23rd, 2024
കോഴിക്കോട്:

ഹൃദയ ചികിത്സാ രംഗത്ത്‌ അഭിമാന നേട്ടവുമായി ഗവ ബീച്ച്‌ ജനറൽ ആശുപത്രി. കാത്ത്‌ലാബ്‌ പ്രവർത്തനം തുടങ്ങി എട്ട്‌ മാസത്തിനുള്ളിൽ പൂർത്തിയാക്കിയത്‌ 200ലധികം ശസ്‌ത്രക്രിയകൾ (ഇന്റർവെൻഷണൽ കാർഡിയോളജി പ്രൊസീജർ). 95 ആൻജിയോപ്ലാസ്റ്റികളും 150 ആൻജിയോഗ്രാമുകളുമാണ്‌ ഇവിടെ നടത്തിയത്‌.

കാർഡിയാക്‌ യൂണിറ്റ്‌ നേരത്തേ തുടങ്ങിയെങ്കിലും കാത്ത്‌ ലാബ്‌ ഇക്കഴിഞ്ഞ ജനുവരിയിലാണ്‌ ഒരുക്കിയത്‌. പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയ ഏപ്രിൽ മുതലാണ്‌ ചികിത്സകൾ തുടങ്ങിയത്‌. ഇതിനിടെ കൊവിഡ്‌ വ്യാപനം കൂടിയപ്പോൾ രണ്ട്‌ മാസം ചികിത്സ നിർത്തി.

ചുരുങ്ങിയ മാസങ്ങൾക്കിടയിലാണ്‌ നിരവധി സാധാരണ രോഗികൾക്ക്‌ സൗജന്യ ഹൃദയ ചികിത്സ ലഭ്യമാക്കിയത്‌. നേരത്തേ ഇതിനെല്ലാം ഗവ മെഡിക്കൽ കോളേജിനെ ആശ്രയിച്ചവർക്ക്‌ തിരക്കും കാത്തിരിപ്പുമില്ലാതെ സേവനം ലഭ്യമാകുന്നുണ്ട്‌. സ്വകാര്യ മേഖലയിൽ ഒരു ലക്ഷം രൂപയിലധികം ചെലവ്‌ വരുന്നതാണിത്‌.

ഹൃദയധമനികളിലെ കാലപ്പഴക്കം ചെന്നതും പൂർണമായും അടഞ്ഞതുമായ ബ്ലോക്കുകൾ നീക്കിയിട്ടുണ്ട്‌. കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന കട്ടിയുള്ള ബ്ലോക്കുകൾ പൊടിച്ചുകളയുന്ന റോട്ടബ്ലേഷൻ ആൻജിയോപ്ലാസ്റ്റി, ധമനികളെ ബാധിക്കുന്ന ടകയാസു ആർട്ടറിറ്റിസ്‌ എന്ന അപൂർവ രോഗത്തിനുള്ള ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ തുടങ്ങിയവയെല്ലാം വിജയകരമായി നടത്തി.ഇതിന്‌ പുറമെ കിഡ്നിയിലെ രക്തക്കുഴലുകളിലെ തടസ്സങ്ങൾ നീക്കുന്ന റീനൽ ആൻജിയോപ്ലാസ്റ്റിയും, കാലുകളിലെ രക്തക്കുഴലുകളിലുള്ള തടസ്സങ്ങൾ നീക്കുന്ന പെരിഫറൽ ആൻജിയോപ്ലാസ്റ്റിയും ചെയ്യുന്നു.

പഴയ ബ്ലോക്കിലെ സൂപ്രണ്ട്‌ ഓഫീസിന്‌ സമീപത്തുള്ള കെട്ടിടത്തിലാണ്‌ ‌ കാത്ത്‌ ലാബ്‌ സജ്ജമാക്കിയത്‌. 11 കോടി രൂപയുടേതാണ്‌ പദ്ധതി. എൻഎച്ച്‌എം മുഖേനയാണ്‌ നടത്തിപ്പ്‌.

ഡോ ഡി ഹരികൃഷ്ണൻ, ഡോ പി ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ്‌ കാർഡിയോളജി ഒപി പ്രവർത്തിക്കുന്നത്‌.ഈ വലിയ നേട്ടത്തിലേക്ക് ബീച്ച് ഹോസ്പിറ്റലിനെ നയിച്ചത് കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരുടെയും മറ്റ്‌ ജീവനക്കാരുടെയും കൂട്ടായ്‌മയാണെന്ന്‌ സൂപ്രണ്ട്‌ ഡോ വി ഉമ്മർ ഫാറൂഖ്‌ പറഞ്ഞു.