ഈരാറ്റുപേട്ട:
അരുവിത്തുറ-അമ്പാറനിരപ്പേൽ-വട്ടോളിക്കടവ് റോഡ് ആധുനികവൽക്കരിക്കുന്നു. പുനർനിർമാണ ഉദ്‌ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തിടനാട്, ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ആറുകോടി രൂപ മുടക്കി ബിഎംബിസി നിലവാരത്തിലാണ് നിർമിക്കുന്നത്.
റോഡ് വികസനം മേഖലയുടെ സമഗ്ര വികസനത്തിനും മെച്ചപ്പെട്ട ഗതാഗതത്തിനും വഴിയൊരുക്കും. ഈരാറ്റുപേട്ട-പാലാ റോഡിന് സമാന്തര പാതയായ ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ഈരാറ്റുപേട്ട-പാലാ റോഡിലെ ഗതാഗതത്തിരക്കും കുറയും.
റോഡിന് ആവശ്യമായ സംരക്ഷണഭിത്തി, ഓടകൾ, സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി ദേശീയ നിലവാരത്തിൽ ടാറിങ് നടത്തി 2022 മാർച്ചോടെ നിർമാണം പൂർണമായി പൂർത്തീകരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ലീന ജെയിംസ്, ബ്ലോക്ക് മെമ്പർമാരായ ജോസഫ് ജോർജ്, മിനി സാവിയോ, മേഴ്സി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിനോ, പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഷിജു, ഓമന രമേശ്, ബെറ്റി ബെന്നി എന്നിവർ സംസാരിച്ചു.
പൊതുമരാമത്ത് റോഡ് വിഭാഗം അസി എൻജിനിയർ ടി കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷനായി.