Mon. Dec 23rd, 2024
കണ്ണൂർ:

ഉത്തര മലബാറിന്റെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പു മാത്രം. വൈദ്യുതി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്. മാർച്ച് മാസത്തോടെ ഇവ പൂർത്തിയാകും.

പദ്ധതി പൂർത്തിയാകുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി 24 മണിക്കൂറും ലഭ്യമാകും. വോൾട്ടേജുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്ന സാഹചര്യമൊരുങ്ങുന്നതു ജില്ലകളുടെ വികസനക്കുതിപ്പിന് പുതിയ ഊർജം പകരും.വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം, പ്രസരണ നഷ്ടം എന്നിവയ്ക്കുള്ള ശാശ്വത പരിഹാരമാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ സാധ്യമാകുന്നത്.

ആകെ 10 പാക്കേജുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഉത്തര മലബാറിനു വേണ്ടി രണ്ടു പാക്കേജുകളും ഒരു സബ്സ്റ്റേഷനുമാണുള്ളത്. കിഫ്ബി ധനസഹായത്തോടെയാണ് കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിൽ അങ്ങോളമിങ്ങോളം ഗുണമേൻമയുള്ള വൈദ്യുതി തടസ്സമില്ലാത്ത എത്തിക്കുകയെന്ന ലക്ഷ്യവുമായി കെഎസ്ഇബി വിഭാവനം ചെയ്ത പദ്ധതിയാണ് ട്രാൻസ്ഗ്രിഡ് 2.0. ആഭ്യന്തര വൈദ്യുത പ്രസരണ മേഖലയുടെ ശക്തി വർദ്ധിപ്പിക്കുന്നതാണു പദ്ധതി. 15000 കോടി മുതൽമുടക്കുന്ന വലിയ പദ്ധതിയാണിത്.

കേരളത്തിന്റെ ഊർജമേഖലയെ ഊർജസ്വലമാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ (ജിഐഎസ്) സബ്സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. പരിപാലനച്ചെലവും വൈദ്യുതി തടസ്സ സാധ്യതയും കുറയുമെന്നതാണ് ജിഐഎസ് സബ്സ്റ്റേഷനുകളുടെ പ്രത്യേകത.സാധാരണ സബ്സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം സ്ഥലം മാത്രമാണ് ആവശ്യമായി വരുന്നത്.

ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ 20 കെവി ജിഐഎസ് സബ്സ്റ്റേഷന്റെ നിർമാണജോലികൾ തലശ്ശേരിയിൽ മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും.ഉത്തര മലബാർ മേഖലയുടെ സമഗ്ര വികസനത്തിനായി പ്രസരണ ശൃംഖലയുടെ ശേഷി വർധിപ്പിക്കാനും പുതിയ സബ്സ്റ്റേഷൻ നിർമിക്കാനുമുള്ളതാണു പദ്ധതികൾ. കോലോത്തുനാട് ലൈൻ സ്ട്രെങ്തനിങ് പാക്കേജ്, നോർത്ത് മലബാർ ലൈൻ പാക്കേജ് എന്നിവയാണു പാക്കേജുകൾ. കോലോത്തുനാട് വിതരണ ശൃഖലയുടെ ശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതി കാഞ്ഞിരോട് മുതൽ മൈലാട്ടി വരെയുള്ളതാണ്.