തിരുവനന്തപുരം:
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍ ഐ ആര് എഫ്) ദേശീയതലത്തില്‍ 25ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാംതവണ ഒന്നാം സ്ഥാനം നേടിയ യൂനിവേഴ്സിറ്റി കോളേജിനെ പൂർവവിദ്യാർത്ഥികൾ ആദരിച്ചു.
അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരേ സമയം മികവ് പ്രകടിപ്പിക്കുന്ന യൂനിവേഴ്സിറ്റി കോളേജ് കേരളത്തില്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂനിവേഴ്സിറ്റി കോളേജ് അലുമ്നി അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കുട്ടികളെ സഹായിക്കുന്ന മികച്ച അധ്യാപകര്‍, വിദ്യാർത്ഥികള്‍ക്കിടയിലെ വർധിച്ച വനിത പ്രാതിനിധ്യം എന്നിവയെല്ലാം യൂനിവേഴ്സിറ്റി കോളേജിനെ വ്യത്യസ്തമാക്കുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് യൂനിവേഴ്സിറ്റി കോളേജ് ഇപ്പോഴത്തെ മികവ് സ്വന്തമാക്കിയതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി ചൂണ്ടിക്കാട്ടി.
യൂനിവേഴ്സിറ്റി കോളേജ് ഇവിടെനിന്ന് മാറ്റിസ്ഥാപിക്കാന്‍ ഒരു സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് എതിര്ത്തുതോൽപിച്ചു. കോളേജിനെ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്നാണ് ഒരു നേതാവ് അന്നു പറഞ്ഞത്. അത്തരം നീക്കങ്ങളെയെല്ലാം മറികടന്ന് ഇപ്പോള്‍ ഇതുവരെയെത്തി നില്‍ക്കുന്നെന്നും മന്ത്രി പറഞ്ഞു.
യൂനിവേഴ്സിറ്റി കോളേജ് അലുമ്നി അസോസിയേഷൻ്റെ ഉപഹാരം മന്ത്രി വി ശിവന്‍കുട്ടിയില്‍നിന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ എസ് സുബ്രഹ്മണ്യന് ഏറ്റുവാങ്ങി. കോളേജിലെ എന്‍ ഐ ആര് എഫ് നോഡല്‍ ഓഫിസര്‍ ഡോ വി ജി വിജുകുമാര്‍, വകുപ്പ് മേധാവികളുടെ പ്രതിനിധി ഡോ ബി അശോകന്, അധ്യാപക പ്രതിനിധി ഡോ മനോമോഹന്‍ ആൻറണി, വിദ്യാർത്ഥി യൂനിയന്‍ പ്രതിനിധി ജിനില്‍ സജീവ് തുടങ്ങിയവരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.