Wed. Jan 22nd, 2025

നിലമ്പൂർ:

സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്) സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിന് ഇരട്ടിമധുരം. മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം ചക്കാലക്കുത്ത് ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടിയും മികച്ച വർക്കർക്കുള്ള പുരസ്കാരം ഇതേ അങ്കണവാടിയിലെ കെ ടി സുഹ്റയും നേടി. 12 വർഷം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി 2019 ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.

ചുമർചിത്രങ്ങളോടുകൂടിയ ശീതീകരിച്ച ശിശുസൗഹൃദ ക്ലാസ് മുറി, പ്രൊജക്ടർ സഹായത്തോടെ പഠനം, കിടക്കകൾ, ആധുനിക അടുക്കള എന്നിവ അങ്കണവാടിയുടെ പ്രത്യേകതകളാണ്. പച്ചക്കറി ഉല്പ്പാദനത്തിലും സ്വയംപര്യാപ്തം. കുട്ടികൾക്ക് മുട്ട നൽകാൻ 10 കോഴികളോടുകൂടിയ ഹൈടെക് കൂട്, ഔഷധസസ്യത്തോട്ടം എന്നിവയുമുണ്ട്.

ആഴ്ചയിൽ ഒരിക്കൽ സൗജന്യ പ്രമേഹ- രക്തസമ്മർദ പരിശോധന, എല്ലാ മാസവും വയോമിത്രം മെഡിക്കൽ ക്യാമ്പ് എന്നിവയും അങ്കണവാടിയിൽ നടത്തുന്നുണ്ട്. നിലമ്പൂർ പട്ടരാക്ക കറുത്തേടത്ത് നൗഷാദിന്റെ ഭാര്യയായ സുഹ്റ അങ്കണവാടിയിലെ കുട്ടികൾക്ക് പ്രിയപ്പെട്ട അമ്മയാണ്. നഴ്സിങ് പരിശീലനം നേടിയിട്ടുള്ള സുഹ്റ, വാർഡിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമാണ്. കൊവിഡ് വാക്സിനേഷൻ ക്യാമ്പുകളിൽ സന്നദ്ധ സേവകയായും പ്രവർത്തിക്കുന്നു.