തൃശൂർ:
നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 31 ലക്ഷം രൂപയുടെ സ്വർണം സംസ്ഥാന ജിഎസ്ടി ഇൻറലിജൻസ് പിടികൂടി. തൃശൂരിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നുമാണ് 31.10 ലക്ഷം വില വരുന്ന 661.6 ഗ്രാം സ്വർണം പിടികൂടിയത്. ഉത്തരേന്ത്യയിൽ നിന്ന് തൃശൂർ നഗരത്തിലെ സ്വർണ മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുവന്നതായിരുന്നു സ്വർണമെന്നാണ് പറയുന്നത്.
20.6 ലക്ഷം രൂപ വില വരുന്ന 425.6 ഗ്രാം സ്വർണാഭരണങ്ങളാണ് തൃശൂർ ഇൻറലിജൻസ് സ്ക്വാഡ് നാല്, തൃശൂരിൽ പള്ളികുളം റോഡിൽ നിന്ന് പിടികൂടിയത്. 1.24 ലക്ഷം രൂപ ഈടാക്കി. ഇൻറലിജൻസ് വിഭാഗം സംസ്ഥാന ഓഫിസർ ടിഇ ഫൈസലിന്റെ നേതൃത്വത്തിൽ അസി. ടാക്സ് ഓഫിസർമാരായ കെ രവി, വിൽസൺ, കെ നസീർ, കെഎ സുധീർ, സമീറ, ജിജി, ജീവനക്കാരനായ കെബി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
10.5 ലക്ഷം രൂപയുടെ 236 ഗ്രാം ഉരുക്കിയ സ്വർണമാണ് മതിയായ രേഖകളില്ലാതെ കരുനാഗപ്പള്ളിയിൽ നിന്ന് ജിഎസ്ടി ഇൻറലിജൻസ് സ്ക്വാഡ് (നമ്പർ മൂന്ന്) പിടികൂടിയത്. 63 ലക്ഷം ഈടാക്കി. ഇൻറലിജൻസ് വിഭാഗം നികുതി ഓഫിസർ എസ് രാജീവിന്റെ നേതൃത്വത്തിൽ അസി ടാക്സ് ഓഫിസർമാരായ ബി രാജേഷ്, എസ് രാജേഷ്കുമാർ, ബി രാജീവ്, ജീവനക്കാരനായ പി ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.