Wed. Jan 22nd, 2025
കോഴിക്കോട്:

നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂ‍ർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കെണിയൊരുക്കിയത്.

അതിനിടെ നിപ സമ്പർക്കത്തിൽപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാകുന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 88 പേരുടെ ഫലമാണ് ഇതുവരെ നെഗറ്റീവായത്. പൂനെ വൈറോളജി ലാബിലേക്കയച്ച രണ്ട് പേരുടെ ഫലം കൂടി വൈകാതെയെത്തും.

ചാത്തമംഗലത്ത് വീടുകൾ കേന്ദ്രീകരിച്ചുളള സർവ്വേയിൽ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊവിഡ്, നിപ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.