ശംഖുംമുഖം:
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുക്കുന്നതിന് പിന്നാലെ ജില്ലയിൽതന്നെ രണ്ടാമതൊരു വിമാനത്താവളമെന്ന ആലോചനയും അണിയറനീക്കങ്ങളും സജീവം. നിലവിലെ വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുത്ത് മുന്നോട്ടുപോകുമ്പോള്‍ നഷ്ടം വരാതിരിക്കാൻ കേന്ദ്ര സർക്കാറിൻ്റെ മുൻകൈയിൽ തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളംകൂടി ആവശ്യമാണെന്നാണ് അദാനി ഗ്രൂപ്പിന് ഈ മേഖലയിലെ വിദഗ്ധര്‍ നല്കിയ ഉപദേശം. ഇതിൻ്റെ ഭാഗമായി രണ്ടാം വിമാനത്താവളത്തിൻ്റെ രൂപരേഖ തയാറാക്കാനും സ്ഥലം കണ്ടെത്താനും അദാനി ഗ്രൂപ് തലസ്ഥാനത്തെ വിദഗ്ധ കമ്പനിയെ ചുമതലപ്പെടുത്തി.
മുമ്പ് സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചതായിരുന്നു തിരുവനന്തപുരത്ത് രണ്ടാം വിമാനത്താവളമെന്ന ആശയം. സ്വകാര്യവത്കരണത്തിന് മുമ്പ് അന്നത്തെ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് ഗുരുപ്രസാദ് മഹാപത്ര തിരുവനന്തപുരത്തത്തെിയപ്പോള്‍ ചില സംഘടനകള്‍ ഈ ആവശ്യമുന്നയിക്കുകയും ഈ വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ഇതിൻ്റെ ഭാഗമായി രണ്ടാം വിമാനത്താവളത്തിനായി നാവായിക്കുളം, പാറശ്ശാല, കാട്ടാക്കട എന്നീ സ്ഥലങ്ങള്‍ ചര്‍ച്ചയിലേക്ക് വന്നു. ഇവിടങ്ങളില്‍ 800 ഹെക്ടര്റിലധികം സ്ഥലം ലഭ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.സംസ്ഥാന സര്‍ക്കാര്‍തലത്തില്‍ ഇതിനായി പദ്ധതി തയാറാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. 1000-2000 ഏക്കര്‍ ഭൂമിയില്‍ 3171.83 കോടിയാണ് അന്ന് പദ്ധതിച്ചെലവ് പ്രതീക്ഷിച്ചിരുന്നത്.
വിമാനത്താവള ഏറ്റെടുപ്പിന് മുന്നോടിയായി അദാനി ഗ്രൂപ്പിൻ്റെ വിദഗ്ധസംഘം വിമാനത്താവളത്തിലെത്തി നടത്തിയ പഠനത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുമെന്നാണ് റിപ്പോർട്ട് നൽകിയത്.
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തിരുവനന്തപുരത്ത് കഴിയാത്ത സാഹചര്യമാണെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്നും അദാനി ഗ്രൂപ് വിലയിരുത്തുന്നു. തിരുവനന്തപുരത്ത് കൂടുതൽ സ്ഥലമെടുപ്പ് ബുദ്ധിമുട്ടായതിനാൽ രണ്ടാമതൊരു വിമാനത്താവളം കൂടി അവശ്യമാണെന്ന നിലപാടിലാണ് അവർ എത്തിയിട്ടുള്ളത്.
നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ പാട്ടക്കരാര്‍ എടുത്തിരിക്കുന്ന അദാനിക്കുതന്നെ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം പുതിയ കരാറില്ലാതെ രണ്ടാം വിമാനത്താവളത്തിൻ്റെയും നടത്തിപ്പ് അവകാശം നേടാനായേക്കും.