പത്തനംതിട്ട:
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സുബല പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ബോട്ടിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലക്ഷ്യമിടുന്ന പദ്ധതിയെ ടൂറിസം രംഗത്ത് ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്.
എന്നാൽ, ഓഡിറ്റോറിയത്തിന്റെ നവീകരണ ജോലി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയശേഷം ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. സ്ഥലം വീണ്ടും കാടു കയറി. വിവാഹങ്ങളും സമ്മേളനങ്ങളും നടത്താൻ കഴിയുന്ന കൺവൻഷൻ സെന്റർ ആയിട്ടാണ് ഓഡിറ്റോറിയം നവീകരിച്ചത്. പുറത്ത് അടുക്കളയും നിർമിച്ചു. പക്ഷേ വാടകയ്ക്ക് കൊടുക്കാവുന്ന സ്ഥിതിയിലായിട്ടില്ല.
ലക്ഷങ്ങൾ മുടക്കി നവീകരിച്ചെങ്കിലും കുറുനരികളും പാമ്പുകളും ഇവിടെ വിലസി നടക്കുന്നു. രണ്ടാംഘട്ട നിർമാണം തുടങ്ങാൻ കഴിഞ്ഞിട്ടുമില്ല. രണ്ടു വലിയ കുളം നിർമിച്ച് അതിൽ ബോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കാൻ രണ്ടാംഘട്ട പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നു.
കുളത്തിനോടു ചേർന്നുള്ള പാലം, മണ്ഡപം എന്നിവയുടെ നിർമാണവും മുടങ്ങി. പ്രഭാത, സായാഹ്ന നടത്തക്കാർക്കായി കുളത്തിനു ചുറ്റും പാത ഒരുക്കുമെന്നു പറഞ്ഞിരുന്നു. എന്നാലിപ്പോൾ കുളത്തിന്റെ ഭാഗത്തേക്കടുക്കാൻ പറ്റില്ല.
ചെളിയിൽ തെന്നിവീഴും. പ്രവേശന കവാടത്തിനോടു ചേർന്നുള്ള കെട്ടിടത്തിൽ ലഘുഭക്ഷണശാല ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. അതും കടലാസിൽ തന്നെ. 30 വർഷം മുൻപ് കെ ബി വത്സലകുമാരി കലക്ടറായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.
ജില്ലാ പട്ടികജാതി ഓഫിസിന്റെ കീഴിലാണ് പാർക്ക്. സർക്കാർ സഹായം അല്ലാതെ വേറെ ഫണ്ടില്ല. അതിനാൽ തട്ടിയും മുട്ടിയുമാണ് കാര്യങ്ങൾ നീങ്ങുന്നത്.