Wed. Dec 18th, 2024
ചെറുതോണി:

ടൗണിൽ ടാക്സി സ്റ്റാൻഡും കർഷക ഓപ്പൺ മാർക്കറ്റും പണിയുന്നതിന് ജില്ലാ പഞ്ചായത്ത് വാഴത്തോപ്പ് പഞ്ചായത്തിന്‌ രണ്ടേക്കർ സ്ഥലം അനുവദിച്ചു. സ്ഥലം കൈമാറുന്നതിനുള്ള സർവേ നടപടികളാരംഭിച്ചു. ബസ്‌ സ്റ്റാൻഡും ടാക്സി സ്റ്റാൻഡുമില്ലാത്ത ഏക ജില്ലാ ആസ്ഥാനം ഇടുക്കി മാത്രമാണ്.

വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ടൗണിൽ കടകൾക്ക് മുന്നിലാണ് ടാക്സി വാഹനങ്ങൾ പാർക്ക്‌ ചെയ്തിരുന്നത്. ഇതു സംബന്ധിച്ച് നിരവധി സമരങ്ങളും നടത്തിയിരുന്നു. പല പ്രാവശ്യം ടാക്സി സ്റ്റാൻഡ്, ബസ്‌ സ്റ്റാൻഡ് എന്നിവ പണിയുമെന്ന് ജനപ്രതിനിധികൾ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും നടപ്പായില്ല.

പിന്നാലെയാണ്‌ വാഴത്തോപ്പ് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്‌ അപേക്ഷ നൽകിയത്‌. തുടർന്ന്‌ ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസിന്റെ ഇടപെടലിലാണ്‌ ഇക്കാര്യങ്ങളിൽ തീരുമാനമായത്‌. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് എതിർവശം ടൗൺഹാളിന്‌ സമീപമാണ് സർവേ നടപടികളാരംഭിച്ചത്.

ബസ് സ്റ്റാൻഡിൽനിന്ന് കയറാവുന്ന വിധത്തിലാണ് പ്ലാൻ തയ്യാറാക്കുന്നത്. നബാർഡിന്റെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിൽ പ്രാഥമിക നിർമാണം ആരംഭിക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ടാക്സി വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും നവീന രീതിയിൽ പ്ലാൻ തയ്യാറാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ പറഞ്ഞു.

ടൗണിൽ കംഫർട്ട് സ്റ്റേഷൻ പണിയുന്നതിന് സ്ഥലം ലഭിച്ചാൽ പണിയുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സർവേ നടപടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചൻ, ടി ഇ നൗഷാദ്, നിമ്മി ജയൻ എന്നിവർ പങ്കെടുത്തു.