കോട്ടയം:
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞ കാടും പുല്ലും ഒടുവിൽ വെട്ടിമാറ്റിത്തുടങ്ങി. സ്റ്റേഡിയത്തിൽ ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നിട്ടും അനങ്ങാപ്പാറ നയം തുടർന്ന കോട്ടയം നഗരസഭക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. അധികൃതരുടെ അവഗണനക്കെതിരെ കായികതാരങ്ങളും രംഗത്തുവന്നിരുന്നു.
കാടും പുല്ലും വളർന്ന് സ്റ്റേഡിയത്തിൽ നടക്കാൻപോലുമാവാത്ത സ്ഥിതിയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തി സ്റ്റേഡിയങ്ങൾ തുറക്കുകയും പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കുകയും ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും നെഹ്റു സ്റ്റേഡിയത്തിലെ പുല്ലുവെട്ടാൻ അധികൃതർ തയാറായിരുന്നില്ല.
സ്റ്റേഡിയത്തിൽ സ്ഥിരമായി നടക്കാൻ എത്തിയവർ ഇഴജന്തുക്കളെ പേടിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം മുതൽ സ്റ്റേഡിയത്തിലെ പുല്ല് യന്ത്രം ഉപയോഗിച്ച് വെട്ടിമാറ്റാൻ തുടങ്ങിയത്. എന്നാൽ, ഒരാൾ മാത്രമാണ് ജോലിക്കുള്ളത്.
ഇതുമൂലം പണി മെല്ലെപ്പോക്കിലാണ്. ഒരാൾ മാത്രമായതിനാൽ ആഴ്ചകൾ വേണ്ടി വരും ജോലികൾ പൂർത്തിയാക്കാൻ. കൂടുതൽ ജോലിക്കാരെ നിയമിച്ച് വേഗത്തിൽ സ്റ്റേഡിയം വൃത്തിയാക്കണമെന്നാണ് താരങ്ങളുടെ ആവശ്യം.