Wed. Jan 22nd, 2025

ആലപ്പുഴ ∙

നിർദിഷ്ട തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ റെയിൽവേ ലൈനിന്റെ (സിൽവർലൈൻ) സ്ഥലമേറ്റെടുക്കലിനുള്ള നടപടികൾക്കു ജില്ലയിൽ തുടക്കമായി. അലൈൻമെന്റ് പ്രകാരം ജില്ലയിൽ റെയിൽപാത കടന്നുപോകേണ്ട ഭൂമിയിൽ കയറി സർവേ നടത്തുന്നതിന്, സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള ആദ്യ വിജ്ഞാപനമായ 6(1) ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ നടപടി തുടങ്ങി.

സംസ്ഥാനത്തു ഭൂമിയേറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർക്കു കീഴിൽ ജില്ലയിൽ സ്ഥലമേറ്റെടുക്കലിന് സ്പെഷൽ തഹസിൽദാർ ഓഫിസ് ആരംഭിക്കാൻ തസ്തിക അനുവദിച്ച് സർക്കാർ ഉത്തരവായിരുന്നു. നിയമനം അടുത്തയാഴ്ചയോടെ നടക്കും. തഹസിൽദാർ ഉൾപ്പെടെ 18 തസ്തികകളാണ് സ്പെഷൽ തഹസിൽദാർ ഓഫിസിലുണ്ടാകുക.

ഓഫിസിനുള്ള സ്ഥലം ചെങ്ങന്നൂരിലോ മാവേലിക്കരയിലോ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലായി ആകെ 41.7 ഹെക്ടർ ഭൂമിയ‍ാണ് സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത്. ഇതിൽ തിരുവനന്തപുരം – ചെങ്ങന്നൂർ സ്ട്രെച്ചിന്റെ ഭാഗമായി 26.09 ഹെക്ടറും ചെങ്ങന്നൂർ – എറണാകുളം സ്ട്രെച്ചിന്റെ ഭാഗമായി 15.61 ഹെക്ടറുമാണ് ഏറ്റെടുക്കുക.