Wed. Nov 6th, 2024
കൊല്ലം:

കോവിഡ്‌ സാഹചര്യത്തിൽ പൊതുഇടത്തിൽ ശരീരോഷ്‌മാവ്‌ അളക്കാൻ വിധേയരായിട്ടുള്ളവരാകും എല്ലാവരും. ഊഷ്‌മാവ്‌ പരിശോധിക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളും ഇവിടെയെല്ലാം ഉണ്ടാകും. ഇത്‌ പരിശോധകർക്ക്‌ രോഗവാഹകരായ വ്യക്തികളുമായി അടുത്ത സമ്പർക്കം പുലർത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നു.

ഇതിനു പരിഹാരമായി പരസഹായമില്ലാതെ ശരീരതാപം നിർണയിക്കുന്ന കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ്‌ പെരുമൺ എൻജിനിയറിങ്‌ കോളേജിലെ അവസാനവർഷ ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിദ്യാർഥികൾ.

ഇ–താപ്‌ എന്ന പേരിൽ വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന്റെ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തുന്ന ഓരോ വ്യക്തിയുടെയും ഉയരം ഓട്ടോമാറ്റിക്‌ സെൻസറുകളുടെ സഹായത്തോടെ കണക്കാക്കി താപനില കൃത്യമായി അളക്കും. നിശ്‌ചിത താപനിലയേക്കാൾ കൂടുതൽ ഉള്ള ആളിന്റെ ഊഷ്‌മാവ്‌ രേഖപ്പെടുത്തുമ്പോൾ ഇ–താപ്‌ അലാറം മുഴക്കും.

പൊതുഇടങ്ങളിൽ കുറഞ്ഞ ചെലവിൽ സ്ഥാപിക്കാൻ കഴിയുന്ന ഉപകരണം അസിസ്റ്റന്റ്‌ പ്രൊഫസർമാരായ സോഫിയയുടെയും രഞ്ജിത്തിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളായ സുജയ, ഗംഗോത്രി, മുഹമ്മദ്‌ സൽമാൻ എന്നിവരാണ്‌ പ്രൊജക്ടിന്റെ ഭാഗമായി രൂപകൽപ്പന ചെയ്‌തത്‌. വിദ്യാർഥികളെ വകുപ്പുമേധാവി എസ്‌ ജെ ബിന്ദുവും പ്രിൻസിപ്പൽ ജോ ഇസഡ്‌ എസോയയും അഭിനന്ദിച്ചു.