Wed. Jan 22nd, 2025
റാന്നി:

റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് വരുന്നു. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി പ്രമോദ് നാരായൺ എം എൽ എ നടപ്പാക്കുന്ന പദ്ധതിയാണിത്​. ആദ്യകാൽവെപ്പായി വിദ്യാർഥികളുടെ സർഗശേഷി ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇ ബുക്ക് തയാറാക്കുമെന്ന് എം എൽ എ അറിയിച്ചു.

ആവിഷ്കാർ എന്ന പേരിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതി റാന്നിയിലെ കുട്ടികളുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിയുള്ളതാണ്. കുട്ടികളുടെ സാഹിത്യരചന, കലാപ്രകടനങ്ങൾ, എന്നിവക്കൊപ്പം കൃഷി, ശാസ്ത്ര – സാങ്കേതിക മേഖലയിലെ വിഷയങ്ങൾ പ്രാദേശിക ചരിത്രരചന തുടങ്ങി ഒരു കുട്ടിയുടെ സർഗശേഷിയെയും സാമൂഹിക അവബോധത്തെയും ജീവിത പരിസരത്തെയും ഇതിൽ നടത്താവുന്ന ഇടപെടലുകളെയും അടയാളപ്പെടുത്തുന്നതായിരിക്കും ആവിഷ്കാർ ഇ ബുക്ക്.

അങ്കണവാടിതലം മുതൽ കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവ പരിപോഷിപ്പിക്കുക, മോണ്ടിസോറി വിദ്യാഭ്യാസം പ്രാവർത്തികമാക്കുക, ഓരോ കോഴ്സിനും ഉള്ള തൊഴിൽ സാധ്യതയെക്കുറിച്ച് ബോധവാന്മാരാക്കുക, ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുക, മാതൃഭാഷയിൽ പ്രാവീണ്യം നേടുക, കുട്ടികളെ ചരിത്രവും സാംസ്കാരിക ബോധവും ഉള്ളവരാക്കി മാറ്റുക തുടങ്ങിയവയെല്ലാം നോളജ് വില്ലേജിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പ്രമോദ് നാരായൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ല സെക്രട്ടറി രാജേഷ് എസ് വള്ളിക്കോട് അധ്യക്ഷതവഹിച്ചു.