ആലപ്പുഴ:
ജില്ലയില്‍ ജൈവ പച്ചക്കറികള്‍ വിളവെടുപ്പിനൊരുങ്ങി. ജൈവ പച്ചക്കറിക്കൃഷിയെന്ന് കേൾക്കുമ്പോൾ അധികം ഉണ്ടാകില്ലെന്ന് കരുതേണ്ട. 2000 ഹെക്‌ടറിലാണ് ജില്ലയില്‍ ജൈവ പച്ചക്കറികള്‍ പൂത്ത് വിളഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലാണ് കൃഷിയിറക്കിയത്. ചാരുംമൂട്, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് ബ്ലോക്കുകളിലായിരുന്നു കൃഷിയെന്നും വിളവെടുപ്പിന്റെ ആദ്യഘട്ടം 19ന് മുമ്പ് പൂർത്തിയാക്കുമെന്നും കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ ബിൻസി എബഹാം പറഞ്ഞു. മറ്റ് ബ്ലോക്കുകളിലും കൃഷി തുടങ്ങിയിട്ടുണ്ട്.
സുഭിക്ഷം സുരക്ഷിതം -ഭാരതീയ പ്രകൃതികൃഷിയുടെ ഭാഗമായാണ് കൃഷി. ജൂണില്‍ ആരംഭിച്ച പദ്ധതയില്‍ ഓരോ ബ്ലോക്കിലും 500 ഹെക്‌ടര്‍ വീതമാണ് കൃഷിയിറക്കിയത്. വിത്ത്, ജൈവവളം, ജൈവകീടനാശിനി എന്നിവ കര്‍ഷക ഗ്രൂപ്പുകൾ വഴി വിതരണംചെയ്‌തു.
ജൈവകൃഷിയിൽ കർഷകർക്ക് പരിശീലനവും നൽകി. കൃഷി അസിസ്‌റ്റന്റ് ഡയറക്‌ടറുടെ കീഴിൽ 500 ഹെക്‌ടർ ഒരു ക്ലസ്‌റ്ററായും ഓരോ കൃഷിഭവന്റെ കീഴിലും 50 ഹെക്‌ടർ മൈക്രോ ക്ലസ്‌റ്ററായും തിരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജൈവ രീതിയിലുള്ള കൃഷിയുടെ ആദ്യവര്‍ഷത്തെ പദ്ധതിയാണ് നടപ്പാക്കുന്നത്.
പയർ, വെണ്ട, വഴുതന, മുളക്, പാവൽ, പടവലം, മത്തൻ, തക്കാളി തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്‌തത്. ചേർത്തലയിൽ എല്ലായിനവുമുണ്ട് . ഭരണിക്കാവില്‍ കുക്കുമ്പറും ബീന്‍സുമുണ്ട്.
നിത്യവഴുതന കൃഷിചെയ്‌തവരുമുണ്ട്. ഓണത്തിന് ചിലയിടങ്ങളിൽ പച്ചക്കറി വിറ്റിരുന്നു. ജൈവമായതിനാൽ കൃഷിയിടങ്ങളിൽനിന്ന് തന്നെ ജനങ്ങൾ വാങ്ങി.
വരുന്ന വിളവെടുപ്പ് സമയത്തും ഇതേ രീതിയിൽ വില്‍പ്പന നടത്തും. കൃഷിഭവന്റെ ഇക്കോ ഷോപ്പുകൾ പച്ചക്കറികള്‍ വിൽക്കും.