Mon. Dec 23rd, 2024
മാലൂർ:

പുരളിമല പൂവത്താറിൽ കരിങ്കൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നതു നാട്ടുകാർ തടഞ്ഞു. പുരളിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ക്വാറി തൊഴിലാളികളും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ പൊലീസ് ഇടപെട്ടു തടഞ്ഞു.

ക്വാറി പ്രവർത്തനം നിർത്തിവച്ചു വാഹനങ്ങളും മണ്ണുമാന്തിയന്ത്രവും നീക്കം ചെയ്തതോടെയാണു സമരക്കാർ പിരിഞ്ഞു പോയത്.പുരളിമലയുടെ താഴ്‌വരയിൽ ശുദ്ധജല സ്രോതസ്സ് ഇല്ലാതാക്കുന്ന വിധത്തിലാണു കരിങ്കൽക്വാറി ആരംഭിക്കുന്നതെന്നും പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ആക്‌‌ഷൻ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്. ക്വാറിയുടെ പ്രവർത്തനം മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളും കുടിവെള്ളക്ഷാമവും മുന്നിൽ കണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചതോടെ പൂവത്താറിലെ കുടിവെള്ള സ്രോതസ്സ് ചെളിവെള്ളം നിറഞ്ഞു മലിനമായതായും നാട്ടുകാർ പറഞ്ഞു.രാവിലെ 3 വാർഡുകളിലെ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരാണു പ്രതിഷേധവുമായി എത്തിയത്. ക്വാറിയുടെ പ്രവൃത്തി നടത്തുന്ന സ്ഥലത്തിനടുത്തു മാലൂർ പൊലീസ് തടഞ്ഞെങ്കിലും ക്വാറിയുടെ നിർമാണം നിർത്താതെ പിന്നോട്ടില്ല എന്ന നിലപാടിലായിരുന്നു നാട്ടുകാർ.

പൊലീസിനെ മറികടന്ന സമരക്കാർ പ്രവൃത്തി തടഞ്ഞപ്പോഴാണു തൊഴിലാളികളുമായി സംഘർഷം ഉണ്ടായത്. വാഹനങ്ങളെയും ജോലിക്കാരെയും ക്വാറി പ്രദേശത്തു നിന്നു മാറ്റി.കഴിഞ്ഞയാഴ്ച പ്രതിഷേധസമരത്തെ തുടർന്നു മാലൂർ പൊലീസ് സ്റ്റേഷനിൽ സമരക്കാരും ക്വാറി ഉടമകളും ചർച്ച നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യം ക്വാറി ഉടമകൾ അംഗീകരിച്ചിരുന്നില്ല.

തുടർന്നാണു നാട്ടുകാർ സംഘടിച്ചു വലിയ പ്രതിഷേധവുമായി എത്തിയത്. പഞ്ചായത്ത് അംഗം എൻ സഹദേവൻ, സി എം നിധിൻ, രതീഷ് കാറാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം സർക്കാറിൽ നിന്ന് എല്ലാ അനുമതിയും നേടിയ ശേഷമാണു ക്വാറി പ്രവർത്തനം ആരംഭിക്കുന്നതെന്നാണു ക്വാറി ഉടമകളുടെ വിശദീകരണം.

പൂവത്താർ കരിങ്കൽ ക്വാറി പ്രദേശത്തു പൊലീസിന്റെ നിർദേശം പാലിക്കാതെ അതിക്രമിച്ചു കയറി കുഴപ്പമുണ്ടാക്കിയതിന് 75 പേർക്കെതിരെ മാലൂർ പൊലീസ് കേസെടുത്തു. സമരത്തിനു നേതൃത്വം നൽകിയവർക്കും കണ്ടാലറിയാവുന്നവർക്കും എതിരെയാണു കേസ്.