Mon. Dec 23rd, 2024
കാവുംമന്ദം:

നഗരമധ്യത്തിലെ പൊതു കെട്ടിടം കാടു മൂടിയത് ഭീഷണിയാകുന്നു. മഹിളാ സമാജത്തിന്റെ ഉടമസ്ഥതയിൽ ഫ്ലോർ മിൽ ആയി പ്രവർത്തനം നടത്തിയ കെട്ടിടവും സ്ഥലവുമാണു കാടു മൂടി വൻ ഭീഷണിയാകുന്നത്. ഏതു നേരവും തകർന്നു വീഴുന്ന അവസ്ഥയിലുള്ള കെട്ടിടവും പരിസരത്ത് വൻ തോതിൽ കാട് വളർന്നതുമാണു പരിസരവാസികൾക്കു ദുരിതമാകുന്നത്.

പാമ്പുകളും മറ്റ് ഇഴജന്തുക്കളും നിറഞ്ഞതോടെ ജനവാസ കേന്ദ്രമായ ഇവിടെ കുട്ടികൾ അടക്കമുള്ളവർ ഭീഷണി നേരിടുകയാണ്.ഇതിനു സമീപത്തു തന്നെ അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മഹിളാ സമാജം പ്രവർത്തിക്കുന്നതിനു വേണ്ടി പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടെയുള്ള ഒരു കുടുംബം സൗജന്യമായി നൽകിയ സ്ഥലമായിരുന്നു ഇത്.

വർഷങ്ങളോളം സമാജം വിവിധ പ്രവർത്തനങ്ങൾ ഇവിടെ നടത്തുകയും പിന്നീട് ബ്ലോക് പഞ്ചായത്തിന്റെ സഹായത്തോടെ ധാന്യങ്ങൾ പൊടിക്കുന്നതിന് വേണ്ടി മില്ല് ആരംഭിക്കുകയുമായിരുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം മില്ലിന്റെ പ്രവർത്തനം നിലച്ചു.ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ വന്നതോടെ കെട്ടിടവും സ്ഥലവും കാടു കയറിയ നിലയിലായി.

ഒട്ടേറെ തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് സമീപവാസികളും സ്ഥലം വിട്ടു നൽകിയ കുടുംബവും പരാതി പറയുന്നു. എന്നാൽ കെട്ടിടം പുതുക്കിപ്പണിതു വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാനുള്ള നടപടി ഉണ്ടെന്ന് ബ്ലോക് പഞ്ചായത്ത് അംഗം ഷിബു പോൾ അറിയിച്ചു. നിലവിൽ ഭീഷണിയായ കെട്ടിടം പൊളിച്ചു മാറ്റി സ്ഥലത്തെ കാട് വെട്ടി മാറ്റുന്ന നടപടിയെങ്കിലും ഉടനെ കൈക്കൊള്ളണമെന്നാണ് പരിസരവാസികളുടെ ആവശ്യം.