രാജപുരം:
കൃഷിയിടങ്ങളിൽ പന്നി ശല്യം തടയാൻ കർഷകർക്ക് താങ്ങായി വനം ഉദ്യോഗസ്ഥരും. ഇതിനായി പ്രത്യേക സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവക്കാൻ സർക്കാർ അനുമതി ലഭിച്ചതോടെയാണ് പ്രത്യേക സംഘം എത്തുന്നത്.
ജില്ലയിൽ തോക്ക് ലൈസൻസുള്ള ആറ് കർഷകർക്ക് മാത്രമാണ് പന്നിയെ വെടിവക്കാൻ അനുമതിയുള്ളത്. പന്നി ശല്യം വ്യാപകമായതിനാൽ ഇത് തീർത്തും അപര്യാപ്‌തമാണ്. വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിൽ പ്രത്യേക സംഘം വന്നതോടെ പ്രതീക്ഷയിലാണ് കർഷകർ.
പനത്തടി, മരുതോം സെക്‌ഷൻ ഓഫീസ്, കാഞ്ഞങ്ങാട് റേഞ്ച് ഓഫീസ് എന്നിവടങ്ങളിലെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വീതം പ്രത്യേക ടീമിൽ വരുന്നത്. രാത്രി ഒമ്പതുമുതൽ പുലർച്ചെ മൂന്നുവരെ ഇവരുടെ സേവനം കർഷകർക്ക് ലഭിക്കും.കാട്ടുപന്നികളെ വെടിവക്കാൻ ഡിഎഫ്ഒ അജിത് കെ രാമൻ അനുമതി നൽകിയ ആറ് കർഷകരുടെ നമ്പർ പുറത്തിറക്കി. ആവശ്യക്കാർക്ക് വിളിക്കാം.
ഇവർ വനംവകുപ്പ് അനുമതിയോടെ സ്ഥലത്തെത്തും. അധികൃതരുടെ കർശന മാനദണ്ഡം പാലിച്ച് മാത്രമെ പന്നികളെ വെടിവക്കൂ.പന്നിയെ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ വെടിവയ്ക്കാമെന്ന ഉത്തരവ് കർഷകർക്ക് ഏറെ സഹായകമാകും. നിയമം തടസമായത് കൊണ്ടാണ് ഇത്രയും രൂക്ഷമായ കാട്ടുപന്നി ശല്യം ഉണ്ടായത്.