Sun. Feb 23rd, 2025

അമ്പലപ്പുഴ ∙

എട്ടു വർഷമായിട്ടും കെട്ടിടനിർമാണം പൂർത്തിയായില്ല. ഇടുങ്ങിയ ഹാളിൽനിന്നു മോചനം ലഭിക്കാതെ ആലപ്പുഴ വണ്ടാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. കുറവൻതോട് പടിഞ്ഞാറ് റെയിൽവേ പാതയോടു ചേർന്നുള്ള ആശുപത്രിയുടെ 5 ഏക്കർ സ്ഥലത്ത് 2012ലാണ് കെട്ടിടനിർമാണം തുടങ്ങിയത്. ഇതിനായി കേന്ദ്രസർക്കാർ 20 കോടി രൂപ അനുവദിച്ചിരുന്നു.

നിർമാണം പുരോഗമിക്കവേ, വീണ്ടും 10 കോടി കൂടി അനുവദിച്ചു. കെട്ടിടനിർമാണം ഏകദേശം പൂർത്തിയായെങ്കിലും ലാബിന്റെ നിർമാണത്തിലും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കാലതാമസം നേരിടുകയാണ്. ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കരാറായിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും കെട്ടിടം എന്നു പൂർണസജ്ജമാകും എന്നത് ഇപ്പോഴും അവ്യക്തമാണ്.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം തുടങ്ങുന്നതിനു പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്ധരുടെ അവലോകനയോഗം നടന്നതു കഴിഞ്ഞ ദിവസമാണ്. ഏറ്റവും ഗുരുതര രോഗങ്ങളുടെ സാംപിളുകൾ പരിശോധിക്കുന്ന ബയോ സേഫ്റ്റി ലവൽ 4 സംവിധാനം ഉൾപ്പെടുത്തിയാകും പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുക. ലവൽ 3 ലാബിൽ മൃഗങ്ങളിലൂടെ പകരുന്ന രോഗങ്ങൾ പരിശോധിക്കുന്നതിനു സൗകര്യവും സജ്ജീകരിക്കാനാണു പദ്ധതി.