Sun. Jan 19th, 2025
കൊല്ലം:

രോഗികളായ മാതാപിതാക്കൾക്കും കാഴ്ചയില്ലാത്ത ഭാര്യയ്ക്കും ഓട്ടിസം ബാധിച്ച അനുജനും ഏക ആശ്രയമായ പ്രവീൺകൃഷ്ണനെ ദൂരസ്ഥലത്തേക്കു സ്ഥലംമാറ്റിയ ഉത്തരവ് മന്ത്രി കെ രാജൻ നേരിട്ട് ഇടപെട്ടു റദ്ദ് ചെയ്യിച്ചു. ശൂരനാട് വില്ലേജ് ഓഫിസിലേക്കു മാറ്റിയ ഉത്തരവ് റദ്ദു ചെയ്ത്, പ്രവീൺകൃഷ്ണനെ കൊല്ലം താലൂക്ക് ഓഫിസ് അങ്കണത്തിലെ ലാൻഡ് അക്വിസിഷൻ (കിഫ്ബി) ഓഫിസിൽ നിയമിച്ചു.

വൈകിട്ടു പ്രവീണിനെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട്, ഉത്തരവു ലഭിച്ചോ എന്നുറപ്പു വരുത്തുകയും ചെയ്തു. എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

രാവിലെ വാർത്ത കണ്ടയുടൻ, പ്രവീൺ കൃഷ്ണന് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് അടിയന്തരമായി നിയമനം നൽകണമെന്നു മന്ത്രി നിർദേശിച്ചു. ഉച്ചകഴി‍ഞ്ഞപ്പോൾ കൊല്ലം താലൂക്ക് ഓഫിസിലെ എൽഎ (കിഫ്ബി) വിഭാഗത്തിൽ റവന്യു ഇൻസ്പെക്ടർ ആയി നിയമനം നൽകി കലക്ടർ ഉത്തരവിറക്കി.

കലക്ടറേറ്റിൽ ഇലക്‌ഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന കൊല്ലം ചന്ദനത്തോപ്പ് നന്ദനത്തിൽ പ്രവീൺ കൃഷ്ണനെ 2 മാസം മുൻപാണു കുണ്ടറ എൽഎ തഹസിൽദാരുടെ ഓഫിസിൽ റവന്യു ഇൻസ്പെക്ടർ ആയി നിയമിച്ചത്. കഴിഞ്ഞ ദിവസം ശൂരനാട് വടക്ക് വില്ലേജ് ഓഫിസർ ആയി വീണ്ടും സ്ഥലംമാറ്റി.

നട്ടെല്ലിനു ഗുരുതര രോഗമുള്ള പ്രവീൺ ആ വേദന സഹിച്ചാണു വീട്ടിലെ മറ്റ് അംഗങ്ങളെയെല്ലാം ‌ പരിചരിക്കുന്നത്. പക്ഷാഘാതം പിടിപെട്ട പിതാവ് സുധാകരൻ പിള്ള 7 വർഷമായി കിടപ്പിലാണ്. വൃക്കരോഗിയായ മാതാവിന് ഒരു കണ്ണിനു കാഴ്ചയില്ല.

ഓട്ടിസം ബാധിച്ച അനുജന് ഇടയ്ക്കിടെ അപസ്മാരമുണ്ടാകും. ഭാര്യ ഹരിയാന സ്വദേശിയായ നീരുവിന് പൂർണമായും കാഴ്ചയില്ല. ബാങ്ക് ജീവനക്കാരിയായ അവർക്ക് ഓഫിസിൽ പോകുന്നതിനും മടങ്ങുന്നതിനും പ്രവീണിന്റെ സഹായം വേണം.

പ്രവീണിനു പകരം ദേശീയപാത വിഭാഗം കാവനാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ റവന്യു ഇൻസ്പെക്ടർ ഒ മിനിയെ ശൂരനാട് വടക്ക് വില്ലേജ് ഓഫിസർ ആയി നിയമിച്ചു