Wed. Dec 18th, 2024
കോഴിക്കോട്:

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴില്‍ നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള വിദഗ്ദരെത്തിയാണ് ലാബില്‍ സംവിധാനം ഒരുക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ സാമ്പിള്‍ മാത്രമാകും ഇവിടെ പരിശോധിക്കുക.

മാരകമായ നിപ വൈറസിന്‍റെ സാമ്പിള്‍ സേഖരിക്കാനും പരിശോധന നടത്തുന്നതിനും പ്രത്യേക സുരക്ഷയുളള ബയോസേഫ്റ്റി ലെവല്‍ ത്രീ ലാബ് വേണം. ഇതിന് സമാനമായ സംവിധാനമാണ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തില്‍ ഒരുങ്ങുന്നത്. ഇവിടെ ട്രൂനാറ്റ് പരിശോധന നടത്തും.

പരിശോധന സംവിധാനം ഒരുക്കാന്‍ പൂനെയില്‍ നിന്നുള്ള ഏഴംഗ വിദഗ്ദര്‍ ഉണ്ടാകും. ഇവര്‍ മൈക്രോബയോളജി വിഭാഗത്തിലുള്ളവര്‍ക്ക് സ്രവ ശേഖരണം, പരിശോധന തുടങ്ങിയവയില്‍ പരിശീലനവും നല്‍കും.മൈക്രോബയോളജി വിഭാഗത്തിന് മുകളിലെ നിലയിലാണ് പ്രത്യേക ലാബ് ഒരുക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴില്‍ വൈറോജി ലാബുണ്ട്. കൊവിഡ് ഉള്‍പ്പെടെയുളള വൈറസ് രോഗങ്ങള്‍ പരിശോധിക്കാന്‍ സൗകര്യം ഉണ്ടെങ്കിലും നിപ പരിശോധന നിലവില്‍ ഇവിടെയില്ല. 2018ല്‍ നിപ റിപ്പോര്‍ട്ട് ചെയ്ത ഘട്ടം മുപതല്‍ ഇതിനുളള നടപടി തുടങ്ങിയെങ്കിലും അതെങ്ങുമെത്തിയിട്ടില്ല.

നിപ രോഗലക്ഷണങ്ങള്‍ ഉളളവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്ക് അയക്കും. പൂനെയിലെ ലാബില്‍ നിന്നാണ് അന്തിമ സ്ഥിരീകരണം.