Sat. Jan 18th, 2025
നെടുങ്കണ്ടം:

ഏലത്തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെത്തുടർന്ന്‌ വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം. തോട്ടം മേഖലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടം കോളനി മെഡിക്കൽ ഓഫീസർ ഡോ വി കെ പ്രശാന്ത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി.

കഴിഞ്ഞദിവസം ജോലിക്കിടെയാണ്‌ തോട്ടം തൊഴിലാളികൾക്ക്‌ അസ്വസ്ഥത അനുഭവപ്പെട്ടത്‌. രാവിലെ 9.30 ഓടെ ഇവർ ജോലിചെയ്യുന്ന തോട്ടത്തിന്‌ സമീപത്തുള്ള തോട്ടത്തിൽ കീടനാശിനി തളിക്കുന്നതിനിടെ രൂക്ഷഗന്ധത്തെ തുടർന്ന്‌ തൊഴിലാളിയായ യുവതി കുഴഞ്ഞുവീണു.

പാമ്പാടുംപാറ സ്വദേശിനിയായ ഇവരെ പട്ടം കോളനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതോടെ യുവതിയെ മൂന്ന്‌ മണിക്കൂർ നിരീക്ഷണത്തിലിരുത്തി. ഇതിനുശേഷം പ്രാഥമിക ചികിത്സ നൽകി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.

ബാക്കിയുള്ള അഞ്ച്‌ തോട്ടം തൊഴിലാളി സ്ത്രീകളും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
ഏലത്തോട്ടങ്ങളിൽ നിയമാനുസൃത അളവിലാണോ വിഷപ്രയോഗം നടത്തുന്നതെന്നും നിരോധിത വിഷപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പിന്‌ റിപ്പോർട്ട് കൈമാറി.

ഉടുമ്പൻചോല തഹസിൽദാർ, പാമ്പാടുംപാറ കൃഷി ഓഫീസർ, നെടുങ്കണ്ടം പ്ലാന്റേഷൻ ഓഫീസർ, ലേബർ ഓഫീസർ, പാമ്പാടുംപാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും റിപ്പോർട്ടിന്റെ പകർപ്പ് കൈമാറി.