തിരൂരങ്ങാടി:
താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ ജനറേറ്റർ സിസ്റ്റം പദ്ധതി സമർപ്പിച്ച് നാല് മാസം കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പിൻറെ അംഗീകാരം ലഭിച്ചില്ല. കൊവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രിയിലെ ഓക്സിജൻ ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനായാണ് ആരോഗ്യ വകുപ്പ് ഓക്സിജൻ ജനറേറ്റർ സിസ്റ്റം പദ്ധതിയുടെ പ്രപ്പോസൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് മേയ് ആദ്യവാരം ഒരുകോടി രൂപ ചെലവ് വരുന്ന പദ്ധതി സമർപ്പിച്ചിരുന്നു.
ഓക്സിജൻ ജനറേറ്റർ സിസ്റ്റം വഴി മിനിറ്റിൽ 282 ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ കഴിയും. 400 ചതുരശ്രയടി സ്ഥലമാണ് പദ്ധതിക്ക് വേണ്ടത്. പുതിയ പദ്ധതി നടപ്പാവുന്നതോടെ സിലിണ്ടർ സംവിധാനം പൂർണമായി ഒഴിവാക്കാനും ഓക്സിജനിൽ സ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.
നിലവിൽ ഡി ടൈപ്പ് സിലിണ്ടറിലാണ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് സെൻററും മറ്റുചികിത്സ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.കൊവിഡ് മൂന്നാം തരംഗത്തിന് തടയിടാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തയാറെടുക്കുമ്പോൾ താലൂക്ക് ആശുപത്രിയിൽ ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബ്ലോക്കും ഐ സിയുവും മാത്രമാണ് ഒരുക്കിയത്.
ഓക്സിജൻ ജനറേറ്റർ സിസ്റ്റം പദ്ധതിയിൽ എടുത്ത നടപടിയും താലൂക്ക് ആശുപത്രി അധികൃതരെ അറിയിച്ചിട്ടില്ല.