ആലപ്പുഴ:
എസി റോഡ് നവീകരണത്തിന് പൊളിച്ച പൊങ്ങപാലത്തിന് സമീപത്ത് തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു. ഞായറാഴ്‌ച രാവിലെ ഗതാഗതവും പുനഃസ്ഥാപിച്ചു. എറണാകുളത്തേക്ക് സിമന്റുമായിപോയ ലോറി കയറിയാണ് പാലം തകർന്നത്.
തദ്ദേശീയരുടെ ചെറുവാഹനങ്ങൾക്കായി നിർമിച്ച റോഡിലെ പാലം നിയന്ത്രണം ലംഘിച്ചെത്തിയ ലോറി തകർത്തതോടെ ശനിയാഴ്ച പൂർണമായും ഗതാഗതം തടസപ്പെട്ടിരുന്നു. ഊരാളുങ്കൽ തൊഴിലാളികൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ശനിയാഴ്ച രാത്രി 10.30ന് പാലം പൂർവസ്ഥിതിയിലാക്കി. പാലത്തിന്റെ ഇരുമ്പുകമ്പികളും മുകളിൽവിരിച്ച പ്ലൈവുഡും ലോറിയുടെ മുൻചക്രം കയറി തകർന്നു.
നെടുമുടി പൊലീസിൽ പരാതി നൽകി. നഷ്‌ടപരിഹാരം നൽകാമെന്ന ഉറപ്പിൽ കേസ് അവസാനിപ്പിച്ചു. പരിശോധനാ കേന്ദ്രങ്ങൾ മറികടന്ന് ലോറി അപകടം ഉണ്ടാക്കിയതിനാൽ കൂടുതൽ പേരെ വിന്യസിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
പൊങ്ങ, കളർകോട് പാലങ്ങൾ പൊളിച്ചതോടെ നിർമിച്ച താൽക്കാലിക പാതയിലൂടെ തദ്ദേശീയരുടെ ഓട്ടോ, ഇരുചക്രവാഹനങ്ങൾ, ചെറിയ ആംബുലൻസ് എന്നിവ മാത്രമാണ് കടത്തിവിടുന്നത്. ചങ്ങനാശേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ പൂപ്പള്ളിയിൽനിന്നാണ് തിരിച്ചുവിടുന്നത്. പൊലീസും തൊഴിലാളികളും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
കളർകോടുവഴി എ സി റോഡിലേക്ക് പോകുന്ന ചെറിയവാഹനങ്ങളുടെ നിയന്ത്രണത്തിനും പൊലീസുണ്ട്. പൊളിച്ച പക്കി പാലത്തിന് സമീപത്തുനിന്ന് താൽക്കാലിക പാതയിലേക്ക് വാഹനങ്ങൾ കടത്തിവിടാൻ 24മണിക്കൂറും തൊഴിലാളികളുണ്ട്. പക്കി പാലത്തിന്റെ രണ്ട് പൈലിങ് പൂർത്തിയായി.
രാമങ്കരി പാലത്തിന്റെ രണ്ടാമത്തെ പൈലിങ് പുരോഗമിക്കുന്നു. മാമ്പുഴക്കരി, കിടങ്ങറ, മനയ്‌ക്കച്ചിറ, രാമങ്കരി ഭാഗങ്ങളിൽ കാനനിർമാണവും വെള്ളം ഒഴുകിപ്പോകാനുള്ള കുഴൽ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. ജ്യോതി ജങ്‌ഷന് സമീപം കാന നിർമാണം ഞായറാഴ്‌ച ആരംഭിച്ചു. കളർകോട് ഭാഗത്ത് കാനനിർമാണം തുടരുന്നു.