തെന്മല:
വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും കെഐപിയുടെ ലുക്കൗട്ട് തുറക്കാൻ നടപടിയില്ല. കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പടിവാതിലാണ് ലുക്കൗട്ട്.
കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കത്തിലാണ് കെഐപിയും ടൂറിസം നിർത്തിയത്. തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം, പാലരുവി എന്നിവിടങ്ങൾ തുറന്നതോടെ കിഴക്കൻമേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പരപ്പാർ അണക്കെട്ടും, ലുക്കൗട്ടും മാത്രമാണ് ഇപ്പോഴും അടഞ്ഞു കിടക്കുന്നത്.
ലുക്കൗട്ട് പവിലിയനിൽ നിന്നു കല്ലടയാറിന്റെ മനോഹര ദൃശ്യം കാണാനാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്. പാൽപോലെ പതഞ്ഞൊഴുകുന്ന കല്ലടയാറിനെ ഇത്ര മനോഹരമായി മറ്റെങ്ങും കാണാനാകില്ല.
അതേസമയം ടൂറിസത്തിനായി ജീവനക്കാരെ നിയമിക്കാൻ കെഐപിക്ക് ആകില്ല. നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡം കർശനമായി പാലിച്ച് ടൂറിസം നടത്താൻ സാധിക്കില്ല. എങ്കിലും സഞ്ചാരികളെ നിരാശപ്പെടുത്താതെ ഉടൻതന്നെ തുറക്കാനുള്ള നടപടിയുണ്ടാകുമെന്ന് കെഐപി എക്സിക്യൂട്ടീവ് എൻജിനീയർ ടെസിമോൻ അറിയിച്ചു.