Wed. Dec 18th, 2024
തിരുവനന്തപുരം:

ജീവിത പ്രയാസങ്ങളെ അതിജീവിച്ച്‌ കഠിനാധ്വാനത്തിലൂടെ സുരഭി നേടിയെടുത്തത്‌ തൻ്റെ സ്വപ്‌നജോലി. ഇല്ലായ്‌മകളോട്‌ പടവെട്ടി രാജാജി നഗറിലെ ടിസി 26/1-051 ലെ എം എസ്‌ സുരഭി (24) യാണ്‌ ആരോഗ്യ സർവകലാശാലയിൽനിന്ന്‌ ഫസ്‌റ്റ്‌ ക്ലാസോടെ ബിഡിഎസ്‌ ബിരുദമെടുത്തത്‌. ഇതോടെ രാജാജി നഗറിലെ ആദ്യ വനിതാ ഡോക്ടറെന്ന നേട്ടവും സുരഭിക്ക്‌ സ്വന്തം.

നഗരത്തിൽ തട്ടുകട നടത്തുന്ന ടി സുരേഷിൻ്റെയും എം മഞ്ചുവിൻ്റെയും മൂത്ത മകളായ സുരഭി കോട്ടൺഹിൽ ഗവ സ്‌കൂളിലാണ്‌ പ്ലസ്‌ ടു വരെ പഠിച്ചത്‌. നീറ്റ്‌ വരുന്നതിന്‌ മുമ്പ്‌ സംസ്ഥാനത്ത്‌ 2016ൽ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷ (കീം)യിലൂടെയാണ്‌ സുരഭി റാങ്ക്‌ ലിസ്‌റ്റിൽ ഇടം പിടിച്ചത്‌.

തൃശൂർ പിസിഎം ദന്തൽ കോളേജിലായിരുന്നു നാലരവർഷത്തെ പഠനം. അതിനിടെ വിവാഹവും കഴിഞ്ഞു. എ എസ്‌ സജിത്തിനെയാണ്‌ വിവാഹം കഴിച്ചത്‌. പഠനത്തിന്‌ എല്ലാ സഹായവും കുടുംബവും ഭർത്താവും ഒരുക്കിയതുകൊണ്ടാണ്‌ ബിരുദമെടുക്കാൻ കഴിഞ്ഞതെന്ന്‌ സുരഭി പറഞ്ഞു.

എംഡിഎസിനു കൂടി ചേരണമെന്നാണ്‌ ആഗ്രഹം. എത്രവരെ പഠിക്കാൻ കഴിയുമോ അത്രയും പഠിപ്പിക്കണമെന്നാണ്‌ സജിത്തിന്റെയും ആഗ്രഹം. നഴ്‌സിങ്‌, അധ്യാപകർ, എൻജിനിയർ എന്നിങ്ങനെ ഒരുപാട്‌ മേഖലകളിൽ ഉന്നത സ്ഥാനത്ത്‌ സ്വപ്രയത്‌നംകൊണ്ടെത്തിയ ഒരുപാട്‌ പേർ രാജാജി നഗറിലുണ്ടെങ്കിലും ഡോക്ടറാകുന്ന ആദ്യ വനിതയാണ്‌ സുരഭി.

പ്രയാസങ്ങൾക്കിടയിലും തിളക്കമാർന്ന വിജയം നേടിയ സുരഭിയെ ആരോഗ്യ സർവകലാശാല വിസി ഡോ മോഹനൻ കുന്നുമ്മൽ ഫോണിൽ അഭിനന്ദിച്ചു. നവകേരള മിഷൻ കോ–ഓർഡിനേറ്റർ ടി എൻ സീമ വീട്ടിലെത്തി അഭിനന്ദിച്ചു.