Wed. Nov 6th, 2024
ചാത്തന്നൂർ:

ഓൺലൈനിൽ സാധനം വാങ്ങിയവർക്കു സമ്മാനം ലഭിച്ചെന്ന് പറഞ്ഞു വിദേശ മലയാളിയുടെ പേരു ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്. ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം സ്വദേശിയായ ഷിനോജ് മോഹന്റെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ്.

തട്ടിപ്പ് സംബന്ധിച്ചു കമ്മിഷണർക്കും ചാത്തന്നൂർ പൊലീസിലും ഷിനോജ് പരാതി നൽകി. കബളിപ്പിക്കലിന് ഇരയായ ചിലർ വീട്ടിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ കഥ ഷിനോജും കുടുംബവും അറിയുന്നത്.

ടിവിയിലും മറ്റുമുള്ള ഓൺലൈൻ കച്ചവടത്തിന്റെ മറവിലാണ് തട്ടിപ്പ്.സാധനങ്ങൾ വാങ്ങിയവർക്കു നറുക്കെടുപ്പിൽ വലിയ സമ്മാനം ലഭിച്ചെന്ന വിവരം അറിയിക്കുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. വില കൂടിയ കാർ, വലിയ തുക എന്നിവ ലഭിച്ചതായി വിവരമാണ് ധരിപ്പിക്കുന്നത്.

സമ്മാനാർഹമായ കാർ ലഭിക്കാൻ പ്രോസസിങ് ചാർജ് ഇനത്തിൽ ബാങ്ക് അക്കൗണ്ടിൽ പണം നൽകണമെന്ന് ആവശ്യപ്പെടും. വിശ്വാസം വരുന്നതിനായി ഷിനോജ് മോഹന്റെ പാസ്പോർട്ടിന്റെ പകർപ്പ് നൽകും.

ഏതാനും മാസം മുൻപ് പന്തളം സ്വദേശിയായ യുവതിയുടെ 30,000 രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടു. പണം ലഭിച്ചു കഴി‍‍ഞ്ഞാൽ തട്ടിപ്പുകാരുടെ പൊടി പോലും കാണില്ല. പണം നഷ്ടപ്പെട്ടവർ വീട്ടിൽ പാസ്പോർട്ടിലെ മേൽവിലാസം തിരക്കി വീട്ടിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ കഥ അറിയുന്നത്.

തന്റെ പാസ്പോർട്ട് രേഖകൾ ഉപയോഗിച്ചു രാജ്യത്തിന്റെ ഏതോ ഭാഗത്ത് നിന്ന് ആളുകളെ കബളിപ്പിക്കുന്നുവെന്ന് കാട്ടി കഴിഞ്ഞ ജനുവരിയിൽ ഷിനോജ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

ജനുവരിയിൽ നാട്ടിൽ എത്തിയ ഷിനോജ് യുഎഇയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായ നൂറനാട് സ്വദേശികളായ മറ്റൊരു ദമ്പതികൾ ഷിനോജിന്റെ വീട്ടിൽ എത്തി. ഷിനോജിന്റെ പാസ്പോർട്ടിന്റെ പകർപ്പ് നൽകിയാണ് ഇവരിൽ നിന്നു തട്ടിപ്പു സംഘം പണം കവർന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത സ്ഥലങ്ങളിലോ ഇന്റർനെറ്റ് കഫേകളിൽ നിന്നോ ആകും പാസ്പോർട്ട് രേഖകൾ തട്ടിപ്പു സംഘം കൈക്കലാക്കിയതെന്നു സംശയിക്കുന്നു.

പാസ്പോർട്ടിലെ തന്റെ ഫോട്ടോയും വിവരങ്ങളും ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പു നടത്തുന്നതിന്റെ വിഷമത്തിലാണ് ഷിനോജ്. തട്ടിപ്പിന് ഇരയാകുന്നവർ വീട്ടിൽ തിരക്കി എത്തുന്നതോടെ കുടുംബത്തിന്റെ മന:സമാധാനം നഷ്ടപ്പെടുകയാണ്.

കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഷിനോജ് പൊലീസിൽ പരാതി നൽകി. പാസ്പോർട്ട് രേഖ കാട്ടി തട്ടിപ്പു നടത്തുന്നത് സംബന്ധിച്ചു ഷിനോജിന്റെ പരാതി ലഭിച്ചതായി ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ പറഞ്ഞു.