Mon. Dec 23rd, 2024
കോന്നി:

കോന്നി ഡ്രഗ് ടെസ്റ്റിങ്‌ ലബോറട്ടറി നിർമാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള ലാബിന്റെ നിർമാണപുരോഗതി എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി.

സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്.

കോന്നിയിൽ അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയിൽ ഗവ മെഡിക്കൽ കോളജിനുസമീപമുള്ള ഒരേക്കർ സ്ഥലത്താണ് ലാബ് നിർമാണം പൂർത്തിയാകുന്നത്. കെട്ടിട നിർമാണവും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ജോലികളും പൂർത്തിയായിട്ടുണ്ട്. ലാബ് സെറ്റിങ്‌ പൂർത്തിയാക്കേണ്ടതുണ്ട്. കെട്ടിടത്തിനുപുറത്ത് പൂട്ടുകട്ട പകാനുള്ള പ്രവർത്തി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് എംഎൽഎ നിർദേശം നല്കി.

ലാബിലേക്കുള്ള വഴിയുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രധാന കവാടത്തിന്റെ നിർമാണവും മുന്നേറുകയാണ്. ഇതെല്ലാം 15ന് അകം പൂർത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു. 3.80 കോടി രൂപ മുടക്കി മൂന്നുനിലയിലായി നിർമിക്കുന്ന 16,000 സ്‌ക്വയർഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണമാണ് പൂർത്തിയായിട്ടുള്ളത്.

2019 നവംബർ മാസത്തിൽ ആരംഭിച്ച് കാലാവധിക്കുള്ളിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞു. 60,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിർമാണം പൂർത്തിയായി. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ കെ ജെ ജോൺ, ഡപ്യൂട്ടി കൺട്രോളർ പി എം ജയൻ, അനലിസ്റ്റ് മോഹനചന്ദ്രൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എൻജിനീയർ ആർ അരവിന്ദ്, കോൺട്രാക്ടർ സപ്രു കെ ജേക്കബ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.