Mon. Dec 23rd, 2024
കോഴിക്കോട്:

രാജസ്ഥാനിൽ അജ്മേറിലെ വനിതാ കുറ്റവാളികളുടെ ജയിലിൽ കഴിയുന്ന ആ കുഞ്ഞുങ്ങളുടെ മനസ്സും മരുഭൂമി പോലെ വരണ്ടുണങ്ങിയതായിരുന്നു. ജയിലിലാകുന്ന അമ്മമാരുടെ മക്കളും എട്ടു വയസ്സുവരെ അമ്മയ്ക്കൊപ്പം കഴിയാമെന്ന ചട്ടത്തിൽ ‘തടവിലാക്കപ്പെട്ടവർ’. ആർക്കും വേണ്ടാത്ത ആ കുഞ്ഞുങ്ങൾക്കിടയിലേക്ക് ഒരു നാൾ ഒരധ്യാപകൻ കടന്നുവന്നു.

പിന്നെ അവർക്ക് പാഠങ്ങളും പരിശീലനവും പകർന്നു. അതോടെ മരുപ്പച്ചപോലെ ജീവിതം തളിർത്തു. ജയിലിൽ ജീവിച്ച് പഠിച്ചുവളർന്ന 14 കുട്ടികൾ ഇന്ന് ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥികളാണ്.

കോഴിക്കോട് ചേവരമ്പലം ഏറത്തേൽ വീട്ടിൽ സുനിൽ ജോസ് ആണ് 15 വർഷമായി രാജസ്ഥാനിലെ ചേരികളിൽ നിന്നുള്ള ഒട്ടേറെ കുരുന്നുകൾക്ക് അറിവും അന്നവും പകർന്നുനൽകുന്ന അധ്യാപകൻ. കൂരാച്ചുണ്ട് കാളങ്ങാലി ഏറത്തേൽ ജോസഫിന്റെയും മേരിയുടെയും മകൻ. ഗണിതശാസ്ത്രത്തിൽ ബിരുദം നേടി 1995–ൽ അജ്മേറിലെത്തിയതാണ് സുനിൽ. അവിടെ സെന്റ് ആൻസ്‌ലെംസ് സ്കൂളിൽ ഗണിതാധ്യാപകനായി.

സ്കൂളിലെ പഠനയാത്രയുടെ ഭാഗമായി ഒരു ചന്ദനത്തിരി ഫാക്ടറി സന്ദർശിച്ചതു സുനിലിന്റെ ജീവിതം മാറ്റിമറിച്ചു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മെലിഞ്ഞ് പൊടിയിൽക്കുളിച്ച നൂറുകണക്കിന് കുഞ്ഞുങ്ങൾ നിരന്നിരുന്ന് പണിയെടുക്കുന്നു! ആ കാഴ്ചയുടെ ഞെട്ടലിൽനിന്നാണ് സുനിൽ അവർക്കായി ജീവിതം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

ചേരികളിൽനിന്ന് അദ്ദേഹം അഞ്ചു കുട്ടികളെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു.ഭക്ഷണവും വിദ്യാഭ്യാസവും നൽകി. ഭിക്ഷാടനത്തിനോ ബാലവേലയ്ക്കോ പോവുമായിരുന്ന അവരിൽ മൂന്നു പേർ ഭുവനേശ്വർ ഐഐടിയിൽ പ്രവേശനം നേടി. ഒരാൾക്ക് ടോക്കിയോയിൽ ജോലി കിട്ടി.

വർഷം കഴിയുംതോറും കൂടുതൽ കുട്ടികൾക്ക് സഹായമെത്തി. ഇതിനിടെയാണ് ജയിലിൽ ജീവിതം ഹോമിക്കപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ചറിഞ്ഞതും അവരെയും കൂടെ ചേർത്തതും. ഇപ്പോൾ മുന്നൂറു കുട്ടികൾക്കാണ് സുനിൽ വിദ്യാഭ്യാസം കൊടുക്കുന്നത്. ഇവരിൽ നൂറ്റൻപതു പേർക്ക് ഭക്ഷണവും കണ്ടെത്തി നൽകുന്നുണ്ട്.

വീടിനുമുകളിൽ കുട്ടികൾക്കായി സസൗകര്യവുമൊരുക്കിയിരിക്കുന്നു. തന്റെയും രാജസ്ഥാനിലെ ഗവ സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ഭാര്യ ഷൈനിയുടെയും വരുമാനത്തിന്റെ നല്ലൊരുഭാഗം ഈ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിനും മറ്റുമായി ചെലവാക്കും.

അതുകൊണ്ടും മുന്നോട്ടുപോവാൻ കഴിയില്ലെന്ന സ്ഥിതി വരുമ്പോൾ മാത്രം സുഹൃത്തുക്കളുടെയോ സന്നദ്ധസംഘടനകളുടെയോ സഹായം തേടും. രാജസ്ഥാനിൽ പല സംഘടനകളുടെയും പുരസ്കാരങ്ങൾ സുനിലിനെ തേടിയെത്തി. കഴിഞ്ഞ വർഷം ദേശീയ ചാനലായ സീ നെറ്റ്‌വർക്കിന്റെ സീ ന്യൂസ് പുരസ്കാരവും സുനിലിനായിരുന്നു.

സുനിലിന്റെ മകൾ ശ്രേയ ലുധിയാന മെഡിക്കൽകോളജിൽ എംബിബിഎസ് അവസാനവർഷ വിദ്യാർഥിനി. മകൻ അനുപം ജോസ് കാനഡയിലെ വാൻകൂവറിൽ എംടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥി.‘‘നന്മയുടെ വഴിയേ മുന്നോട്ടുപോവാൻ എന്താണു കരുത്തുനൽകുന്നത്?’’ ‘‘മദർ തെരേസയുടെ ജീവിതം’’ –സുനിലിന്റെ മറുപടിക്ക് ഒട്ടും താമസമില്ല.