Mon. Dec 23rd, 2024

പാലക്കാട്:

നീന്തൽകുളത്തിലും ഇനി പറളി കുതിക്കും. ഫ്രഞ്ച്‌ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന നീന്തൽക്കുളത്തിൽനിന്ന്‌ പറളിയുടെ പുത്തൻ കായിക പ്രതീക്ഷകൾ പറന്നുയരും. അത്‌ലറ്റുകൾക്ക്‌ പുറമെ നീന്തൽതാരങ്ങളെക്കൂടി സംഭവന ചെയ്യുകയാണ് കോച്ച് പി ജി മനോജ്.

നീന്തൽക്കുളവും സിന്തറ്റിക്‌ ട്രാക്കും മറ്റ് സൗകര്യങ്ങളുമായി സർക്കാരിന്റെ കൈയൊപ്പിൽ പുതിയ താരോദയങ്ങൾക്കായി കാത്തിരിപ്പിലാണ് നാട്. ഒന്നാം പിണറായി സർക്കാർ കിഫ്ബിയിൽനിന്ന്‌ അനുവദിച്ച 6.58 കോടി രൂപ ഉപയോഗിച്ചാണ്‌ പറളി ഹൈസ്‌കൂളിൽ 1.75 ഏക്കറിൽ കായിക സമുച്ചയം നിർമിച്ചത്‌. 1995ൽ മനോജ് പരിശീലകനായതുമുതൽ പറളി ഹൈസ്‌കൂൾ അത്‌ലറ്റിക്‌സിൽ നിരവധി നേട്ടങ്ങൾ കൊയ്തു.

കാൽനൂറ്റാണ്ട്‌ പിന്നിട്ട പരിശീലന കാലത്തിനിടെ മനോജിന് ഇത്‌ മറക്കാനാകാത്ത കാലം. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ള അഞ്ചുവരി ട്രാക്കുള്ള നീന്തൽക്കുളം ഫ്രാൻസിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചത്. നാലു മണിക്കൂറിനകം വെള്ളം പൂർണമായി ശുദ്ധീകരിക്കാനാകും.

വസ്ത്രം മാറാനും കുളിക്കാനും പ്രത്യേക മുറികളുണ്ട്. സെവൻസ്‌ ഫുട്‌ബോൾ സംഘടിപ്പിക്കാവുന്ന ഫുട്‌ബോൾ മൈതാനത്തിൽ മെക്സിക്കൻ പുല്ലാണ് ഉപയോഗിച്ചിട്ടുള്ളത്. 200 മീറ്ററിന്റെ ആറുവരി സിന്തറ്റിക് ട്രാക്ക് ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്‌ത ടർഫ്‌ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

ഹാമർ ത്രോ കോർട്ട് ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യയിലാണ്‌. 100 മീറ്ററിന്റെ നേർക്കുള്ള ട്രാക്കും പോൾവാൾട്ടിനും ജമ്പിങ്ങിനുമുള്ള പിറ്റുമുണ്ട്. സംസ്ഥാന സർക്കാർ ആദ്യമായാണ് ഒരു എയ്ഡഡ് സ്കൂളിൽ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന് സമുച്ചയം പണിയാൻ ഫണ്ടനുവദിച്ചത്.

ഫെബ്രുവരിയിലായിരുന്നു ഉദ്‌ഘാടനം. അന്തരിച്ച മുൻ എംഎൽഎ കെ വി വിജയദാസിന്റെ ശ്രമഫലമായാണ് സമുച്ചയം ഉയർന്നത്‌. ഇതുവരെ 13 അന്തർദേശിയ മത്സരങ്ങളിൽ പറളിയുടെ താരങ്ങൾ ട്രാക്കിലിറങ്ങി.

എം വി രമേശ്വരി, എം ഡി താര, പി മുഹമ്മദ് അഫ്സൽ, വി വി ജിഷ, പി എൻ അജിത്, കെ ടി നീന എന്നീ അന്താരാഷ്ട്ര താരങ്ങളെ കായിക ലോകത്തിന് സംഭാവന ചെയ്തു. സാമ്പത്തികമായി ഏറ്റവും പിന്നിൽ നിക്കുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. നീന്തലിൽ മെഡൽ തിളക്കത്തിന് പുതിയ കായിക സമുച്ചയം മുതൽക്കൂട്ടാകും.

നാലുതവണ ഇന്ത്യയിലെ കൂടുതൽ സ്വർണമെഡലും പോയിന്റുകളും നേടിയ സ്കൂൾ, 2016ലെ സംസ്ഥാന സ്കൂൾ മീറ്റിൽ രണ്ടാം സ്ഥാനം, മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ നാല് സ്വർണം നേടിയ സ്കൂൾ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ പറളി നേടി.