Wed. Nov 6th, 2024

വടകര:

ദേശീയപാത വികസനത്തിനായി ദേശീയപാത അതോറിറ്റി തയ്യാറാക്കിയ രൂപരേഖ വടകര നഗരത്തെ രണ്ടായി കീറിമുറിക്കുമെന്ന് ആശങ്ക. നഗരത്തിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റര്‍ ഭാഗം പൂർണമായി മണ്ണിട്ടുയർത്തി ആറുവരിപ്പാത നിർമിക്കാനാണ് നീക്കം. മേല്‍പ്പാലം നിര്‍മിച്ച് പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് നഗരസഭ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചു.

ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി ഒൻപത് മീറ്റർ ഉയരത്തിൽ മതിൽകെട്ടി മണ്ണിട്ട് നികത്തിയാണ് വടകരയിൽ റോഡ് നിർമിക്കുന്നത്. റോഡിന് ഇരുപുറവും മുറിച്ച് കടക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകും. ഇത് നഗരഹൃദയത്തെ രണ്ടായി കീറിമുറിക്കുമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആശങ്ക.

പലയിടത്തും ദേശീയപാത ബൈപ്പാസുകളിലൂടെ കടന്ന് പോകുമ്പോൾ വടകരയിൽ ഇത് നഗരഹൃദയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുവശവും നിരവധി വാണിജ്യ കേന്ദ്രങ്ങളുള്ള വടകര നഗരം ദേശീയപാതയുടെ വരവോടെ രണ്ടായി മുറിയും. ടോൾ കൊടുത്ത് സഞ്ചരിക്കാവുന്ന ആറുവരി ഉയരപ്പാതയാണ് വടകരയിൽ നിർമ്മിക്കുന്നത്.

വടകര നഗരത്തിൽ നിന്ന് ഹൈവേയിലേക്ക് പ്രവേശനവുമില്ല. സർവ്വീസ് റോഡ് മാത്രമേ നാട്ടുകാർക്ക് ഉപയോഗിക്കാനാകു. സമീപ പഞ്ചായത്തുകളായ മണിയൂർ, വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ എന്നിവിടങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന വടകര നഗരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ബാങ്കുകൾ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാന്‍റ് എന്നിവിടങ്ങളിൽ പൊതു ജനങ്ങൾക്ക് എത്തിച്ചേരാനും പ്രയാസമുണ്ടാകുമെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.

നഗരത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് മേൽപാലമാണ് വേണ്ടതെന്നാണ് വിദഗ്ദരുടെ ആവശ്യം. അങ്ങനെയെങ്കിൽ മേൽപ്പാലത്തിന് താഴെ പാർക്കിംഗ് സൗകര്യവും റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യവും ഒരുക്കാനാവും. റോഡ് ഉയർത്താൻ 2850 ക്യുബിക് മീറ്റർ മണ്ണ് വേണമെന്ന് രൂപരേഖയിൽ നിർദ്ദേശമുണ്ട് .

ഇത് സൃഷ്ടിക്കാവുന്ന പാരിസിഥിതിക പ്രശ്നങ്ങള്‍ വേറെ. ഇത് ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പരിഗണിച്ച് പദ്ധതിയുടെ രൂപരേഖയില്‍ മാറ്റം വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.