Sat. Nov 23rd, 2024

വൈപ്പിൻ∙

ദശകങ്ങളായി വികസനം കാത്തുകിടക്കുന്ന  നായരമ്പലം മത്സ്യ മാർക്കറ്റ് മുഖം മിനുക്കാനൊരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി  മാർക്കറ്റ്  ഹൈടെക് ആക്കുന്ന പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി കെഎൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. മാർക്കറ്റിന്റെ ആധുനികവൽക്കരണ പദ്ധതിക്കു മത്സ്യബന്ധന വകുപ്പ് നേരത്തെ ഭരണാനുമതി നൽകിയിരുന്നു.

കഴിഞ്ഞദിവസം ചേർന്ന കിഫ്ബി ബോർഡ് യോഗവും പദ്ധതിക്ക് അംഗീകാരം നൽകിയതോടെയാണു  മാർക്കറ്റിനു ശാപമോക്ഷത്തിനുള്ള വഴി തെളിഞ്ഞത്. രണ്ടരക്കോടിയോളം രൂപ ചെലവിൽ ഇരുനിലകളിലാണ് ഹൈടെക് മാർക്കറ്റ് സമുച്ചയം ഒരുങ്ങുകയെന്ന് എംഎൽഎ പറഞ്ഞു. പ്ലാൻ പ്രകാരം പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയ്ക്കു 348ഉം മേൽനിലയ്ക്കു 115.32ഉം ചതുരശ്ര മീറ്ററായിരിക്കും വിസ്‌തീർണം.

താഴത്തെ നിലയിൽ 16 ഫിഷ് സ്റ്റാളുകൾ, വിശ്രമമുറി, ശീതീകരണ മുറി, ലേല ഹാൾ, ശുചിമുറികൾ എന്നിവയുണ്ടാകും. മുകളിലെ നിലയിൽ ഓഫിസ്, ക്വാളിറ്റി കൺട്രോൾ റൂം, വിശ്രമമുറി, ശുചിമുറികൾ  എന്നിവയും സജ്ജമാക്കും. ചതുപ്പു പ്രദേശമെന്നതു  പരിഗണിച്ചു  പൈലിങ് നടത്തിയാകും കെട്ടിടനിർമാണം .

തെന്നി വീഴുന്നതും മറ്റും ഒഴിവാക്കുന്നതിന് മികച്ച നിലവാരമുള്ള ആന്റി സ്‌കിഡ് വിട്രിഫൈഡ് ടൈലുകളായിരിക്കും തറയിൽ വിരിക്കുക. മാലിന്യ നിർമാർജന സംവിധാനങ്ങൾ, ബയോഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം അനുബന്ധമായി ഒരുക്കുന്നുണ്ട്. സംസ്ഥാന തീരദേശ വികസന കോർപറേഷനായിരിക്കും പദ്ധതിയുടെ നിർവഹണ ചുമതല.

വൈപ്പിനിലെ തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായിട്ടും  നായരമ്പലം മാർക്കറ്റ്  ശോച്യാവസ്ഥയിൽ തുടരുന്നത് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പരാതിക്കിടയാക്കിയിരുന്നു. പഴയ രീതിയിലുള്ള മീൻ തട്ടുകളിലും മറ്റുമാണ് ഇവിടെ മീൻ വിൽപന നടക്കുന്നത്.

മാംസ വിൽപനയുടെ കാര്യവും വ്യത്യസ്തമല്ല. മാർക്കറ്റിലേയും സമീപ പ്രദേശങ്ങളിലേയും മാലിന്യങ്ങൾ ഇവിടെത്തന്നെ നിക്ഷേപിക്കപ്പെടുന്നതും പ്രശ്നമായിരുന്നു. മാലിന്യപ്രശ്നത്തിനു പരിഹാരമായി മാർക്കറ്റിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റാവട്ടെ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുകയാണ്.