കുമ്പള:
യന്ത്രവുമായി ചില്ലകൾ അറുത്തിടാൻ മരത്തിൽ കയറിയ വെട്ടുകാരെക്കണ്ട് തള്ളപ്പക്ഷികളും കുഞ്ഞുങ്ങളും നിലവിളിച്ചു. എന്നാൽ വികസനക്കുതിപ്പിന് പാതവെട്ടാൻ മരംകയറിയവരത് ചെവിക്കൊണ്ടില്ല. ദേശീയ പാതയോരത്തെ തണൽമരങ്ങളുടെ വൻ ശിഖരങ്ങളോടൊപ്പം നിലംപതിച്ചത് നിരവധി പറവക്കൂടുകൾ.
തളളപ്പക്ഷികളുടെ ചിറകിനടിയിലൊളിച്ച അമ്പത്തിനാല് ജലപ്പക്ഷിക്കുഞ്ഞുങ്ങളുടെ ജീവനുകളാണ് പൊലിഞ്ഞത്. 27 കുഞ്ഞുങ്ങളെ ഗുരുതര പരിക്കുകളോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി സംരക്ഷണത്തിനായി പക്ഷി നിരീക്ഷകൻ രാജു കിദൂരിന് കൈമാറി. ഇതിൽ ഒമ്പതു കുഞ്ഞുങ്ങൾ പിന്നീട് ചത്തു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നാല് ദിവസമായി കുഞ്ചത്തൂർ മുതലിങ്ങോട്ട് പാതയോരത്തെ തണൽമരങ്ങൾ മുറിച്ചുമാറ്റിവരികയാണ്. ഈ മരങ്ങളിൽ കൂടുകൂട്ടിയ കുളക്കൊക്ക്, നീർകാക്ക, പാതിരാകൊക്ക് തുടങ്ങിയ പക്ഷികൾക്കാണ് അവയുടെ പാർപ്പിടങ്ങളും കുഞ്ഞുങ്ങളും നഷ്ടപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരങ്ങൾ പരിശോധിച്ച് ചില്ലകൾക്കടിയിൽ പ്രാണൻ വെടിയാതെ പരിക്കേറ്റു കിടന്ന പക്ഷിക്കുഞ്ഞുങ്ങളെ എടുത്ത് രാജു കിദൂരിന് കൈമാറുകയായിരുന്നു.
വെട്ടിവീഴ്ത്താൻ അവശേഷിക്കുന്ന ആറു മരങ്ങളിൽ കുഞ്ഞുങ്ങളടങ്ങിയ പക്ഷിക്കൂടുകൾ ഉള്ളതിനാൽ ഒരാഴ്ചത്തേക്ക് വെട്ടരുതെന്ന് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ബന്തിയോട് ഒന്നും ഉപ്പളയിൽ മൂന്നും ഹൊസങ്കടിയിൽ രണ്ടും മരങ്ങളാണ് വെട്ടരുതെന്ന് നിർദേശിച്ചിട്ടുള്ളത്. ശേഷിക്കുന്ന കുഞ്ഞുങ്ങളുടെ കാലുകൾക്കും ചിറകുകൾക്കും ഗുരുതര പരിക്കുള്ളതായി രാജു കിദൂർ പറഞ്ഞു.
ജലാശയങ്ങളിൽനിന്ന് ഇരപിടിക്കുകയും മരങ്ങളിൽ കൂടുകൂട്ടുകയും ചെയ്യുന്ന ഇത്തരം ജലപ്പക്ഷികളെ കൊല്ലുന്നത് വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ശിക്ഷ ഭയന്ന് താഴെ വീണ പക്ഷിക്കുഞ്ഞുങ്ങളെ തൊഴിലാളികൾ ചില്ലകൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.