Fri. Nov 22nd, 2024
ഉഴവൂർ:

പനച്ചിക്കാടിനും പാലക്കാട്ടെ മാത്തൂരിനുമൊപ്പം ഉഴവൂർ ഗ്രാമപഞ്ചായത്തും സർ, മാഡം വിളികളെ ഓഫിസിനു പുറത്താക്കി. ഉഴവൂർ പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും സർ, മാഡം എന്നു സംബോധന ചെയ്യേണ്ട എന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ്‌ ഉൾപ്പെടെ പഞ്ചായത്ത് അംഗങ്ങളെയും ജീവനക്കാരെയും അവരുടെ തസ്തിക പേര് വിളിക്കാം.

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം പാലക്കാട് മാത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഇതേ തീരുമാനമെടുത്തു.

ഇത്തരം അഭ്യർഥനകൾ വിലക്കി ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈസ് പ്രസിഡന്റ് പി ആർ പ്രസാദ് മുന്നോട്ടു വച്ച ആശയം പ്രമേയമാക്കാമെന്നു തീരുമാനിച്ചതു പ്രസിഡന്റ് പ്രവിത മുരളീധരനാണ്.

ഇക്കാര്യത്തിൽ കഴി‍ഞ്ഞ മാസം തന്നെ തീരുമാനമെടുത്ത പനച്ചിക്കാട് പഞ്ചായത്ത് അപേക്ഷിക്കുന്നു എന്നതിനു പകരം താൽപര്യപ്പെടുന്നു എന്ന വാക്ക് ഉപയോഗിക്കാനാണു നിർദേശിക്കുന്നത്. അപേക്ഷാ ഫോം എന്നതു ആവശ്യ പത്രിക അല്ലെങ്കിൽ ആവശ്യ ഫോം എന്നും മാറ്റിയതായി പ്രസിഡന്റ് ആനി മാമ്മനും വൈസ് പ്രസിഡന്റ് റോയി മാത്യുവും അറിയിച്ചു.