പാലക്കാട്:
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം ചെമ്പൈ ഗവ. സംഗീത കോളജിലെ ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. കൊവിഡ് മൂന്നാം തരംഗ സാധ്യത കൂടി കണക്കിലെടുത്ത് ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനായാണ് വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്.
ചെമ്പൈ ഗവ. സംഗീത കോളജില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മൻെറ് സപ്പോര്‍ട്ട് യൂനിറ്റുമായി (ഡിപിഎംഎസ്യു) ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സബ് കലക്ടര്‍ ഡോ ബല്‍പ്രീത് സിങ്ങിനാണ് ചുമതല. ഡിപിഎംഎസ്യു നോഡല്‍ ഓഫിസറും ഓക്‌സിജന്‍ വാര്‍ റൂം നോഡല്‍ ഓഫിസറുമായ ഡോ മേരി ജ്യോതി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍നിന്നുള്ള ഒമ്പതംഗ സമിതിയെ വാര്‍ റൂമിൻെറ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സപ്ലൈ യൂനിറ്റുകള്‍ക്കും ആശുപത്രികള്‍ക്കും ഉൽപാദകര്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ റൂം മുഖേന നിയന്ത്രിക്കും. സമിതി അംഗങ്ങള്‍ എല്ലാ ദിവസവും ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാറിനും ബന്ധപ്പെട്ട അധികൃതര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.