Wed. Jan 22nd, 2025

കൊല്ലങ്കോട്:  

ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ. 500 മീറ്റർകൂടി പൂർത്തിയായാൽ ഇതുവഴി ജീപ്പ്‌യാത്ര സുഗമമാകും. തേക്കടി വെള്ളക്കൽ തിട്ടയിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ നിർമാണമാണ്‌ അന്തിമഘട്ടത്തിലുള്ളത്‌.

നിർമാണം 20 ദിവസത്തിനകം പൂർത്തിയാകും. വനപാത പൂർത്തിയായാൽ കെ ബാബു എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച 20ലക്ഷംരൂപ ചെലവിൽ റോഡിൽ ചിലയിടത്ത്‌ സംരക്ഷണഭിത്തി കെട്ടും. തൊഴിലുറപ്പ് തൊഴിലാളികൾ വനത്തിൽ കൂടാരംകെട്ടി താമസിച്ചാണ് പണി പൂർത്തിയാക്കുന്നത്.

തൊഴിലാളികൾക്ക് കൂടാരം കെട്ടാനുള്ള സാമഗ്രികൾ, തൊഴിലുറപ്പ്‌ ജോലിക്കുള്ള ഉപകരണകൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ സിപിഐ എം മുതലമട ലോക്കൽ കമ്മിറ്റി സമാഹരിച്ച് എത്തിച്ചു. ലോക്കൽ സെക്രട്ടറി സി തിരുച്ചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം കെ സിയാവുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബേബി സുധ, വൈസ്‌ പ്രസിഡന്റ്‌ ആർ അലൈരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി കൃഷ്ണൻ എന്നിവരാണ്‌ സാധനങ്ങൾ പണിസ്ഥലത്ത്‌ എത്തിച്ചത്‌.

തേക്കടി ആദിവാസികോളനിയിലെ 150പേർക്ക്‌ തൊഴിലുപ്പ് പദ്ധതിയിൽ തൊഴിൽ നൽകിയാണ് വനപാത നിർമിക്കുന്നത്‌. വനമേഖലയിൽ ആധുനികരീതിയിൽ റോഡ് നിർമിക്കാൻ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം അനുമതി നൽകാത്തതിനെ തുടർന്നാണ്‌ തൊഴിലുറപ്പു പദ്ധതി മുഖേന നിർമാണം തുടങ്ങിയത്‌.

തേക്കടി നിവാസികൾ വാടകജീപ്പിൽ തമിഴ്നാട്ടിലെ സേത്തുമട ചുറ്റിയാണ് മുതലമടയിൽ എത്തിയിരുന്നത്‌. ഇവരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ്‌  വനപാതയിലൂടെ പരിഹാരമാകുന്നത്‌. വനവാസി നിയമപ്രകാരം വനംവകുപ്പ് പഞ്ചായത്തിന്‌ വിട്ടുനൽകിയ ഒരു ഹെകടറിൽ മൂന്ന് മീറ്റർ, വീതിയിൽ 3,325 മീറ്റർ നീളത്തിലാണ്  ഒന്നാംഘട്ടം വനപാത നിർമാണം.