Fri. Nov 22nd, 2024
മറയൂർ:

മറയൂർ പഞ്ചായത്ത്‌ നാച്ചിവയൽ മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇരുന്നൂറിലധികം തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നിടത്ത്‌ കുടിവെള്ള വിതരണം നിലച്ചിട്ട് പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കോടികൾ ചെലവഴിച്ചാണ് മറയൂർ പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കിയത്‌.

നാച്ചിവയൽ കോളനിയിൽ മാത്രം 284 കുടിവെള്ള കണക്ഷനുകളാണുള്ളത്. ഇവരിൽനിന്നെല്ലാം പണം വാങ്ങിയാണ്‌ പദ്ധതി നടപ്പാക്കിയതെങ്കിലും മേലാടിയിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽനിന്ന്‌ ശുദ്ധീകരിക്കാതെയാണ്‌ കുടിവെള്ള വിതരണം നടത്തുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.

നിർമാണപ്രവർത്തനങ്ങളിലെ അശാസ്ത്രീയത കാരണം മഴക്കാലത്ത് ആറ്റിൽനിന്ന്‌ അധികം വെള്ളം എത്തുമ്പോൾ വിതരണം നിലയ്‌ക്കുന്നു. പിന്നീട് കോളനി നിവാസികൾ സ്വന്തമായി പണിചെയ്താണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത്.

കൂലിപ്പണിക്കാരും കർഷകത്തൊഴിലാളികളും അടങ്ങുന്ന ഭൂരിഭാഗം പേരും തൊഴിലുറപ്പ് ജോലിയും കരിമ്പിൻ പാടങ്ങളിലെ ജോലിയും കഴിഞ്ഞ് മടങ്ങിയെത്തി വൈകിട്ട്‌ വിദൂര പ്രദേശങ്ങളിൽനിന്ന്‌ വെള്ളം ശേഖരിക്കേണ്ട അവസ്ഥ. പ്രായമായവർ താമസിക്കുന്ന വീടുകളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

വർഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ സമരം നടത്തുമെന്നും പഞ്ചായത്ത് വാഹനത്തിൽ അടിയന്തരമായി വെള്ളം എത്തിക്കണമെന്നും നാച്ചിവയൽ നിവാസികൾ പറഞ്ഞു.