Fri. Nov 22nd, 2024

മാവേലിക്കര ∙

കല്ലിമേൽ പ്രദേശത്തു കാട്ടുപന്നിയുടെ ശല്യം വർധിച്ചതിനെത്തുടർന്നു  വനം വകുപ്പിന്റെ സംഘം പരിശോധന നടത്തി. വനംവകുപ്പ് റാന്നി ഡിവിഷൻ ഡിഎഫ്ഒ പികെ ജയകുമാർ ശർമ, റേഞ്ച് ഓഫിസർ കെഎസ് മനോജ്, ദ്രുതപ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് എത്തിയത്.

3 ഷൂട്ടർമാരും ഇവർക്കൊപ്പമുണ്ടായിരുന്നു. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ തഴക്കര പഞ്ചായത്ത് ആറാം വാർഡ‍് പുന്നത്തറ ഭാഗത്തെ കാടുപിട‌ിച്ചു കിടക്കുന്ന പ്രദേശങ്ങളിലും കനാലുകളിലും ഇവർ  മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായില്ല.

നാട്ടുകാരുടെ പരാതിയെ തുടർന്ന് എംഎസ് അരുൺകുമാർ എംഎൽഎ വനംവകുപ്പ് അധികൃതരെ ഫോണിൽ വിളിച്ചു പ്രശ്നത്തിന്റെ രൂക്ഷത ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. എംഎസ് അരുൺകുമാർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്തംഗം മനു ഫിലിപ്, തഴക്കര പഞ്ചായത്തംഗങ്ങളായ വത്സല കെ. പിള്ള, ഗോകുൽ രംഗൻ തുടങ്ങിയവരും പ്രദേശത്തു സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മുതലാണു പ്രദേശത്തു കാട്ടുപന്നിയുടെ ശല്യം തുടങ്ങിയത്. പ്രദേശ വാസികളുടെ കാർഷിക വിളകൾ കാട്ടുപന്നി നശിപ്പിച്ചു. നാട്ടുകാരിൽ പലരും പന്നിയെ നേരിട്ടു കാണുകയും ചെയ്തു.

വെള്ളപ്പൊക്ക സമയത്തു അച്ചൻകോവിലാറ്റിലൂടെ എത്തിയ പന്നികൾ പ്രദേശത്തെ കാടുകളിൽ ഒളിച്ച ശേഷം രാത്രിയിൽ ഇറങ്ങുകയാണു പതിവെന്നു കർഷകർ പറയുന്നു. കാട്ടുപന്നി കൃഷി നശിപ്പിച്ച കല്ലിമേൽ പ്രദേശത്തു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുകയും മണ്ണ്  കുത്തിയിളക്കിയ രീതി കണ്ടിട്ടു കാട്ടുപന്നിയാണെന്നു കൃഷി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

“കാട്ടുപന്നിയുടെ ശല്യം പ്രദേശത്തു രൂക്ഷമാകുകയാണെങ്കിൽ സ്ഥലത്തു ക്യാംപ് ചെയ്തു പരിശോധന നടത്തും. കാട്ടുപന്നിയെ ശ്രദ്ധയിൽപ്പെട്ടാൽ വെടിവെച്ചു കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ചു കുഴിച്ചു മൂടും. പ്രദേശത്തെ കാടുപിടിച്ച പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം.” – പികെ ജയകുമാർശർമ, ഡിഎഫ്ഒ.