Wed. Jan 22nd, 2025

മാവേലിക്കര ∙

അപകടങ്ങൾ പതിവാകുന്ന തഴക്കര കരയംവട്ടം ജംക്‌ഷനിൽ ദിശാസൂചക ബോർഡുകളൊ, സിഗ്നലോളോ  ഇല്ലാത്തതു ദീർഘദൂര യാത്രക്കാർക്കു ദുരിതമാകുന്നു. വഴുവാടി, പുതിയകാവ്, കൊച്ചാലുംമൂട് ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണിത്.

വഴുവാടിക്കടവു പാലം ഗതാഗത യോഗ്യമായതോടെ വഴുവാടി ഭാഗത്തു നിന്നു കരയംവട്ടം ജംക്‌ഷനിലേക്കെത്തുന്ന റോഡിൽ ഗതാഗതത്തിരക്കാണ്. ഈ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ അൽപം പ്രധാന റോഡിലേക്കു ക‌ടക്കുമ്പോൾ അപകടങ്ങളുണ്ടാകാറുണ്ട്. ജംക്‌ഷനിലെ വളവും വെള്ളക്കെട്ടും ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു.

മാവേലിക്കര ഭാഗത്തു നിന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്കും തുടർ യാത്ര സംബന്ധിച്ച്  ആശയക്കുഴപ്പമാണ്. പന്തളം, കൊല്ലകടവ്, വഴുവാടി ഭാഗത്തേക്കു പോകേണ്ട വഴി സൂചിപ്പിച്ചു ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം പലപ്പോഴും ഉയരുന്നുണ്ട് മുൻ എംഎൽഎ ആർ രാജേഷിന്റെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചു നിർമിച്ച കാത്തിരിപ്പ് കേന്ദ്രവും യാത്രക്കാർക്കു ഗുണകരമാകുന്നില്ല.

ഇതു വഴുവാടി റോഡിലായതിനാൽ  മാവേലിക്കര ഭാഗത്തേക്കുള്ള  ബസുകൾ ക‍ൃത്യമായി കാണാനാകില്ല. അതുകാരണം പന്തളം, കൊല്ലകടവ് ഭാഗത്തേക്കു പോകേണ്ട യാത്രക്കാർ സമീപത്തെ കടത്തിണ്ണയിലാണു നിൽക്കുന്നത്.