Sat. Jan 18th, 2025

അമ്പലപ്പുഴ:

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ രോഗികളുമായെത്തുന്നവര്‍ വലയുന്നു. അത്യാഹിത വിഭാഗത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാർ കാണാറില്ല. അവശ്യമരുന്നുകള്‍ കുറിച്ച് നല്‍കിയാല്‍ ആശുപത്രി വളപ്പില്‍ പ്രവർത്തിക്കുന്ന കാരുണ്യയിലും ധന്വന്തരിയിലും കിട്ടിയില്ലെങ്കില്‍ കുറിപ്പുമായി ആലപ്പുഴയിലേക്ക് കുതിക്കേണ്ട അവസ്ഥയാണ്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ പരിസരത്ത് നിരവധി മെഡിക്കല്‍ സ്​റ്റോറുകളുണ്ടെങ്കിലും രാത്രി ഒന്നും തുറക്കാറില്ല. വാഹനാപകടങ്ങളില്‍ പരിക്കേറ്റവരുമായെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരില്ലാത്തതിനാല്‍ വിദഗ്ധ ചികിത്സക്ക്​ സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ടിവരും.

അടിയന്തരമായി നൽകേണ്ട മരുന്ന് ഡോക്ടർമാർ നിർദേശിച്ചാൽ സമീപത്തെ കടകൾ പ്രവർത്തിക്കാത്തിനാൽ ആലപ്പുഴ നഗരത്തിലെ കടകളും സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ ഷോപ്പുക​ളെയും ആശ്രയിക്കേണ്ടിയുംവരും. പലപ്പോഴും വാഹനസൗകര്യവും ലഭിക്കാതെ ബന്ധുക്കൾ ദുരിതം അനുഭവിക്കാറുണ്ട്.

ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയിൽ മരുന്നുകൾ പലതും ലഭിക്കാറില്ല. കെട്ടിട സൗകര്യമുള്ളതിനാൽ എച്ച്​.ഡി.സിയുടെ നേതൃത്വത്തിൽ വിശാലമായ മരുന്നുകട ആരംഭിക്കണമെന്ന് തീരുമാനം എടുത്തിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ നടപടിയായില്ല.