കോട്ടയം:
നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷവിമർശനവുമായി നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ. സെക്രട്ടറിയും ഉദ്യോഗസ്ഥരും കൗൺസിൽ നിർദേശങ്ങൾ അനുസരിക്കുന്നില്ലെന്നും കൗൺസിലിനെ നോക്കുകുത്തിയാക്കി താന്തോന്നിത്തം കാണിക്കുകയാണെന്നും വൈസ് ചെയർമാൻ കൗൺസിൽ യോഗത്തിൽ ആരോപിച്ചു.
ഇതോടൊപ്പം ഉദ്യോഗസ്ഥ വീഴ്ചകൾ എണ്ണിപ്പറയുകയും ചെയ്തു. കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. എൻജിനീയറിങ് വിഭാഗത്തിൽ ഗുരുതര വീഴ്ചയാണ്. മുനിസിപ്പൽ ഓഫിസിൻ്റെ ഗേറ്റ് തുറക്കാൻ പറ്റാതായിട്ട് ഒരാഴ്ചയായി. ഇതുവരെ നന്നാക്കാൻ നടപടിയെടുത്തില്ല.
ജനററേറ്റർ കേടായിട്ട് ദിവസങ്ങളായി. സെക്യൂരിറ്റിമാർക്ക് മഴ നനയാതെ ഇരിക്കാനുള്ള കെട്ടിടം നവീകരിക്കാൻ കൗൺസിൽ തീരുമാനിച്ച് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകിയിട്ടും നടപ്പാക്കിയിട്ടില്ല. അതിനിടെ ഡ്രൈവർമാരുടെ മുറി കൗൺസിലിൻ്റെ അനുമതിയില്ലാതെ നവീകരിച്ചു.
വിവിധ സോണുകളിൽ വാഹനസൗകര്യമില്ലെന്ന് പരാതിവന്നതോടെ അനെർട്ടിൽനിന്ന് വാഹനങ്ങൾ വാടകക്കെടുക്കാൻ കൗൺസിൽ അനുമതിനൽകി കുറിപ്പ് നൽകിയിട്ടും സെക്രട്ടറി അനങ്ങിയിട്ടില്ല. പല കാര്യങ്ങളും ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ലെന്നും വൈസ് ചെയർമാൻ കുറ്റപ്പെടുത്തി.
പ്യൂണിനെ വരെ കൗൺസിലർമാർ സാർ എന്ന് വിളിക്കേണ്ട ലജ്ജാകരമായ സ്ഥിതിയാണ് മുനിസിപ്പാലിറ്റിയിൽ. എത്ര കൗൺസിലർമാരെ ഉദ്യോഗസ്ഥർ സാർ എന്നുവിളിക്കുന്നുണ്ടെന്നും വൈസ് ചെയർമാൻ ചോദിച്ചു.
എന്നാൽ, ഉദ്യോഗസ്ഥരെക്കൊണ്ട് നിർദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഭരണസമിതിയുടെ കഴിവുകേടാണെന്നും ആ സ്ഥാനത്തിരിക്കാൻ അവർക്ക് യോഗ്യതയില്ലെന്നും പ്രതിപക്ഷ കൗൺസിലർ അഡ്വ ഷീജ അനിൽ പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ കൗൺസിലർമാരോടുപോലും മോശമായി പെരുമാറുന്നു.
നാട്ടകത്ത് 10 എച്ച്പിയുടെ മോട്ടോർ ഉപയോഗിച്ച് ചെറുകിട സംരംഭം തുടങ്ങാൻ ലൈസൻസിന് അപേക്ഷിച്ച വീട്ടമ്മയുടെ ഫയൽ 10 മാസമായി പൂഴ്ത്തിവെച്ചിരിക്കുന്നു. ഡ്രൈവർമാരുടെ മുറി കൗൺസിലിൻ്റെ അനുമതിയില്ലാതെ നവീകരിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെതുടർന്ന് കമീഷനെ വെച്ച് അന്വേഷിപ്പിച്ചിരുന്നു.
ആ റിപ്പോർട്ട് കൗൺസിലിൽ വെക്കണമെന്നും ഷീജ അനിൽ ആവശ്യപ്പെട്ടു. ഭരണ-പ്രതിപക്ഷഭേദമെന്യേ കൗൺസിലർമാർ ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുന്നയിച്ചു.