Wed. Dec 18th, 2024

കൊച്ചി:

പൂട്ടി മുദ്രവെച്ച ഓഫീസ് മുറിയില്‍ അദ്ധ്യക്ഷ കയറിയതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 10 കൗൺസിലർമാര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് യുഡിഎഫ് കൗൺസിലർമാർ സ്വകാര്യ ആശുപത്രിയിലും ഏഴ് ഇടത് കൗൺസിലർമാർ സഹകരണ ആശുപത്രിയിലും ചികിത്സ തേടി. നാളെ ഇരുപക്ഷത്തിൻ്റെയും നഗരസഭാ മാർച്ച് നടക്കും.

ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ഓഫീസ് ക്യാബിനില്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ കയറി ഇരുന്നു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.

അജിതക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. വൈകിട്ട് നാലരയോടെ അജിത തങ്കപ്പന് പുറത്ത് പോകണമെന്നും സമരം അവസാനിപ്പിക്കണമെന്നും പെലീസ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. വഴങ്ങാന്‍ പ്രതിപക്ഷം തയ്യാറായില്ല.

ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കാന്‍ തുടങ്ങി. ഇതിനിടയില്‍ യുഡിഎഫ് അംഗങ്ങളും സ്ഥലത്തെത്തി. ഇതോടെ സംഘര്‍ഷം രൂക്ഷമായി.

ക്യാബിന് മുന്നല്‍ കുത്തിയിരുന്ന പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് ഒരു മണിക്കൂറോളം കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചു. ഇതിനിടയില് അജിത തങ്കപ്പനെ സുരക്ഷാ വലയം തീര്‍ത്ത് പൊലീസ് ജീപ്പില്‍ കയറ്റിവിട്ടു.

പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിപക്ഷ അംഗങ്ങള്‍ പക്ഷേ അകത്ത് കയറാന്‍ കൂട്ടാക്കാതെ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു. തങ്ങളെ ആക്രമിച്ച യുഡിഎഫ് അംഗങ്ങളേയും പൊലീസുകാര്‍ക്ക് എതിരെയും നടപടി വേണമെന്നായിരുന്നു ആവശ്യം.