Wed. Jan 15th, 2025

തൃശൂർ:

തൃശൂർ പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോൾ നിരക്ക് ഒരു ഭാഗത്തേക്ക്‌ 5 രൂപയാണ് വർധിച്ചത്. കൊവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ പിഴിയാൻ ദേശീയ പാത അതോറിറ്റി ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്തംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധന. കാര്‍, ജീപ്പ്, വാന്‍ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയും ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയുമാണ് വർധിച്ചത്.

നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാതെയാണ് മുൻവർഷത്തെ ഇത്തവണയും നിരക്ക് വർധിപ്പിച്ചതെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടലിനായി ശ്രമിക്കുകയാണെന്നും കോൺഗ്രസ്‌ വ്യക്തമാക്കി. 2028 വരെ പാലിയേക്കരയിൽ ടോൾ പിരിക്കാം. ദേശീയ നിർമാണത്തിന് ചെലവായ തുകയിൽ അധികം ഇപ്പോൾ തന്നെ പിരിച്ചു കഴിഞ്ഞെന്നും ഇനിയും ജനങ്ങളെ പിഴിയുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടാമെന്നുമാണ് ജനങ്ങളുടെ ആവശ്യം.