കാഞ്ഞങ്ങാട്:
ചെയ്യേണ്ട കാര്യം ചെയ്യേണ്ട നേരത്ത് ചെയ്തില്ലെങ്കിൽ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കാഴ്ച. ഓവുചാലിലൂടെ എത്തുന്ന വെള്ളം മണൽത്തിട്ട നീക്കി കടലിലേക്ക് വിടാൻ വൈകിയതിനെ തുടർന്നു ഒരു പ്രദേശത്തെ കര മുഴുവൻ ഇപ്പോൾ കടലിലേക്ക് ഇടിഞ്ഞു വീഴുകയാണ്. ഓവുചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കരയോടു ചേർന്നു ഗതി മാറി ഒഴുകി ഇപ്പോൾ മീനാപ്പീസ് അയ്യപ്പ ഭജന മന്ദിരത്തിന്റെ പിറക് വശത്തുള്ള കടൽ ഭാഗത്താണ് ചേരുന്നത്.
ഇതിനിടയിലുള്ള പത്മിനി, ചന്ദ്രൻ, കമല, യശോദ, വത്സല എന്നിവരുടെ സ്ഥലം ഏതു നിമിഷവും കടലെടുക്കുന്ന നിലയിലാണ്. കാലവർഷം തുടങ്ങുന്നതിന് മുൻപേ മണൽത്തിട്ട നീക്കിയിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു. വെള്ളം ഗതിമാറി ഒഴുകാൻ തുടങ്ങിയപ്പോഴാണ് നഗരസഭ ഇടപെട്ട് മണൽത്തിട്ട മണ്ണുമാന്തി കൊണ്ട് നീക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ വീണ്ടും ശക്തമായതോടെ വെള്ളത്തിന്റെ ഗതിമാറ്റം കൂടുതൽ ശക്തമായി. റെയിൽവേ സ്റ്റേഷൻ പരിസരം, ഗാർഡർ വളപ്പ്, ആവിക്കര എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ് ബല്ലാകടപ്പുറം തോട് വഴി കടലിൽ പതിക്കുന്നത്.